ജിയോ ബേബിയുടെ The Great Indian Kitchen ഈ നാട്ടിലെ പുരുഷ പ്രജകള്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. സ്ത്രീ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ് അവള്‍ ദേവിയാണ് തുടങ്ങി എടുക്കാവുന്നതിന്റെ മാക്സിമം ഉത്തരവാദിത്തങ്ങള്‍ അവരുടെ തലയിലേക്ക് നല്‍കി, സ്വാതന്ത്ര്യത്തിന്റെ ചിറകുകളെ ‘ സ്ത്രീയുടെ ത്യാഗം ‘ എന്ന പരിശുദ്ധമായ കയര്‍ കൊണ്ട് ബന്ധിച്ച് അവളെ ഒരു കൂട്ടം അരുതുകളില്‍ തളച്ചിട്ടു നൂറ്റാണ്ടുകള്‍ ആയി കാര്യസാധ്യം നടത്തിവരുന്ന ഈ നാട്ടിലെ പൗരുഷ ധാരാളിത്തത്തില്‍ അഭിരമിക്കുന്ന പുരുഷന്മാര്‍ തീര്‍ച്ചയായും ഈ സിനിമ കാണണം.
ഒരുനിമിഷം പോലും ഉള്ളിലെ പുരുഷ വികാരങ്ങള്‍ വ്രണപ്പെടാതെ ഈ സിനിമ നിങ്ങള്‍ക്ക് കണ്ടു തീര്‍ക്കാനാവില്ല. അങ്ങേയറ്റം റിയലിസ്റ്റിക് ആണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. അടുക്കളയില്‍ തളയ്ക്കപ്പെട്ട, പൊതുബോധ നിര്‍മിതികളിലും, കാലങ്ങള്‍ ആയി കൈ മാറി വരുന്ന ദുരചാരങ്ങളിലും പെട്ടു കരിപുരണ്ടു പോകേണ്ടി വരുന്ന ഈ നാട്ടിലെ സ്ത്രീകളുടെ ജീവിതത്തിന്റെ നേര്‍കാഴ്ച ആണ് ഈ സിനിമ.
പേര് സൂചിപ്പിക്കുന്നത് പോലെ സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത് ഒരു പ്രൗഡ ഗംഭീര നായര്‍ തടവാടിന്റെ അടുക്കളയിലാണ്. ആ നായര്‍ തറവാട്ടിലെ അവസാന കണ്ണിയായ നായകന്‍ കെട്ടിക്കൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായികയ്ക്ക് ആ വീട്ടിലെ വൃത്തികെട്ട അടുക്കള ശീലങ്ങളോട് പൊരുത്തപ്പെടാനാകാതെ പോകുന്നതും അവള്‍ എങ്ങനെ അതിനെ അതിജീവിക്കുന്നു എന്നതുമാണ് കഥാപശ്ചാത്തലം.
മുന്നേ കണ്ടു പഴകിയ കുറെ സിനിമകളുടെ തീം തന്നെയാണ് ഇത്. ശ്രീനിവാസന്‍ നന്മകളാല്‍ സമ്പന്നമായ ‘ചിന്താവിഷ്ടയായ ശ്യാമള ‘ പോലുള്ള കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമകളുടെ കഥാ തന്തു തന്നെയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ന്റെയും. പക്ഷെ ശാലീനവതിയും സര്‍വോപരി ത്യാഗ സമ്പന്നയയും ആയ നായകനെ നന്നാക്കി ഉത്തമ കുടുംബ ജീവിതം നയിക്കാന്‍ ഉള്ള ഉത്തരവാദിത്തം കൂടി അഡിഷണല്‍ ആയി ഏല്‍ക്കേണ്ടി വന്ന പൂര്‍വകാല നായികമാരില്‍ നിന്നും വഴിമാറി നടക്കുന്നുണ്ട് ഈ സിനിമയിലെ നായിക. തൊണ്ടി മുതലും ദൃസാക്ഷിയും ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായിക നായകന്മാരായെത്തുന്ന സിനിമ എന്ന നിലയില്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.
പ്രതീക്ഷകള്‍ തെറ്റിക്കാതെ മനോഹരമായ പ്രകടനം തന്നെയാണ് ഇരുവരുടെയും. സാങ്കേതിക മേഖലകളില്‍ എടുത്തു പറയേണ്ടത് സിനിമയുടെ എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി എന്നിവയാണ്. ഭൂരിഭാഗവും ഒരു അടുക്കളയെ ചുറ്റിപ്പറ്റി നടക്കുന്ന കഥയില്‍ പ്രേക്ഷകനെ മുഷിപ്പിക്കാതെ ആവര്‍ത്തന വിരസത തോന്നാതെ സിനിമലേക്ക് എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ കയ്യടക്കത്തോടെയുള്ള സിനിമാറ്റോഗ്രഫിക്കും എഡിറ്റിംഗ് നും സാധിച്ചിട്ടുണ്ട്.
ശബരിമല സ്ത്രീപ്രവേശന വിധിയുടെ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ചരിത്രപരമായ, വിപ്ലവകരമായ ആ വിധിയുടെ സോഷ്യല്‍ contextനെ നല്ലപോലെ സിനിമയില്‍ പ്രതിപാതിക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിക്കുന്ന സുപ്രീം കോടതി വിധി വന്നതിനു ശേഷം ഉള്ളിലെ വര്‍ഗീയത തികട്ടി തുളുമ്പിയ പല നിഷ്പക്ഷ നിര്‍ഗുണ ജന്മങ്ങളെയും നമുക്ക് പരിചയമുണ്ടാകും. ആര്‍ത്തവം ഒരു സ്ത്രീയുടെ ശുദ്ധിയോ അശുദ്ധിയോ നിര്‍ണയിക്കുന്ന ഒന്നല്ല എന്നും, അത് തീര്‍ത്തും ബയോളജിക്കല്‍ ആയി നടക്കേണ്ട ഒരു പ്രോസസ്സ് ആണെന്നും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഇന്നും നമ്മുടെ സമൂഹത്തിലെ പലയിടങ്ങളിലും ആര്‍ത്തവ അ’ശുദ്ധി’ യാല്‍ മാറ്റി നിര്‍ത്തപ്പെടുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട്.
സ്ത്രീയുടെ പരിമിതികളെ അരക്കിട്ടുറപ്പിക്കുന്നതിനു ആര്‍ത്തവ അശുദ്ധി കൂടി കല്പിച്ചു നല്‍കി അവളെ എല്ലാത്തിലും നിന്നും മാറ്റി നിര്‍ത്തുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ എല്ലാ മാമൂലുകളും ഈ കാലഘട്ടത്തിലും തുടരുന്ന ഒരു നായര്‍ തറവാടിന്റെ അടുക്കളയില്‍ ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന എല്ലാ ദുരിതങ്ങളെയും നേര്‍ച്ചിത്രമാക്കി, റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. കഥ നടക്കുന്നത് ശബരിമല യുവതി പ്രവേശന വിധി സമയത്താണെന്നുള്ളത് സിനിമയുടെ സാമൂഹിക പ്രസക്തി കുറച്ചു കൂടി വര്‍ധിപ്പിക്കുന്നുണ്ട്. കൃത്യമായ സോഷ്യല്‍ contextല്‍ പ്ലെയ്‌സ് ചെയ്ത്, ശരിയായ രാഷ്ട്രീയം പൊതുബോധത്തിന്റെ കല്ലേറുകളെ ഭയപ്പെടാതെ ആവിഷ്‌കരിച്ചു എന്നതില്‍ ജിയോ ബേബി എന്ന സംവിധായകന്‍ കയ്യടി അര്‍ഹിക്കുന്നുണ്ട്.
എനിക്ക് ഈ സിനിമയില്‍ വ്യക്തിപരമായി ഇഷ്ടപ്പെട്ട കുറെയധികം ഘടകങ്ങള്‍ ഉണ്ട്, എല്ലാം പറഞ്ഞാല്‍ ആസ്വാദനത്തിന്റെ ഭംഗി പോകും എന്നതിനാല്‍ വിശദീകരിക്കുന്നില്ല. എന്നാലും ഒന്ന് രണ്ടെണ്ണം പറഞ്ഞ് പോകാതെ അവസാനിപ്പിക്കാനും പറ്റില്ല.
* ഈ സിനിമയിലെ നായികയക്കു മേല്‍ നായകനെ നേര്‍വഴിക്കു നടത്തേണ്ട ഉത്തരവാദിത്തം കൂടി അടിച്ചേല്പിച്ചില്ല, ഉത്തമ കുടുംബിനി ഇമേജ് നു വേണ്ടി ത്യാഗമനോഭാവം കുത്തി നിറച്ചില്ല.
* സിനിമയുടെ കഥ പ്ലേസ് ചെയ്ത ജോഗ്രഫി, പൂര്‍വകാലത്തില്‍ കരയോഗം പ്രസിഡന്റ് ആയിരുന്ന കാരണവരുടെ തറവാടിന്റെ അടുക്കളയാണ് ഈ സിനിമയുടെ കഥ നടക്കുന്ന സ്ഥലം. ശബരിമല വിധിയേക്കൂടി ഈ ജോഗ്രഫിയിലേക്ക് ബ്ലന്‍ഡ് ചെയ്തപ്പോള്‍ കൂടുതല്‍ റിയലിസ്റ്റിക്ക് ആയി എന്ന് പറയാതിരിക്കാന്‍ വയ്യ.
‘അടുക്കളയെ കുറിച്ച് വളരെ ഫ്രസ്ട്രേറ്റഡ് ആയി ഭാര്യയോട് സംസാരിച്ച ഒരു രാത്രിയിലാണ് ഈ സിനിമയുണ്ടാകുന്നത് ‘; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ കുറിച്ച് സംവിധായകന്‍
* സുരാജ് വെഞ്ഞാറമൂട് – നിമിഷ സജയന്‍ കൊമ്പോ.
എല്ലാം കൊണ്ടും തികഞ്ഞ ഒരു സൃഷ്ടി ആണ് the great indian kitchen എന്ന് അവകാശപ്പെടുന്നില്ല. രണ്ടു മണിക്കൂര്‍ ലാഗ് അടിപ്പിക്കാതെ, പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിച്ചു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം കൈകാര്യം ചെയ്ത ഒരു ചെറിയ- മനോഹര സിനിമ. Neem ആപ്പ് ല്‍ 140 രൂപ കൊടുത്താല്‍ മൂന്ന് deviceല്‍ സ്ട്രീം ചെയ്യാം. എല്ലാവരും പറ്റുന്നത് പോലെ സബ്‌സ്‌ക്രൈബ് ചെയ്തു തന്നെ കാണാന്‍ ശ്രമിക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: The Great Indian Kitchen movie review