തോല്‍പ്പെട്ടിയില്‍ ആദിവാസി കുടുംബങ്ങളുടെ കുടിലുകള്‍ പൊളിച്ച് വനം വകുപ്പ് അധികൃതര്‍
Kerala News
തോല്‍പ്പെട്ടിയില്‍ ആദിവാസി കുടുംബങ്ങളുടെ കുടിലുകള്‍ പൊളിച്ച് വനം വകുപ്പ് അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2024, 4:53 pm

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ മൂന്ന് ആദിവാസി കുടുംബങ്ങളെ വനം വകുപ്പ് അധികൃതര്‍ കുടിയൊഴിപ്പിച്ചതായി പരാതി. തോല്‍പ്പെട്ടിയിലെ കൊല്ലിമലയില്‍ 16 വര്‍ഷമായി താമസിക്കുന്ന കുടുംബത്തിനാണ് വീടുകള്‍ നഷ്ടമായത്. പകരം ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് അധികൃതര്‍ വാക്ക് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ലെന്നും കുടുംബം പറയുന്നു.

ഇന്നലെ കുടിയൊഴിപ്പിക്കാന്‍ വന്ന അധികൃതര്‍ ചോറ് അടക്കമുള്ള പാകം ചെയ്ത് വെച്ച ഭക്ഷണങ്ങള്‍ നശിപ്പിച്ചു കളഞ്ഞതിനാല്‍ ഒരു ദിവസമായി പട്ടിണിയിലാണെന്നും കുടുംബം ആരോപിച്ചു. ഭക്ഷണം വെക്കാന്‍ തങ്ങള്‍ക്ക് അടുപ്പ് പോലും ഇല്ലെന്നും എല്ലാം അവര്‍ നശിപ്പിച്ച് കളഞ്ഞെന്നും ആദിവാസി യുവതി കൂട്ടിച്ചേര്‍ത്തു.

തോല്‍പ്പെട്ടി റേഞ്ചിലെ വന്യജീവി വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലാണ് കുടിലുകള്‍ ഉണ്ടായിരുന്നത്. വന്യജീവി സങ്കേതത്തിന്റെ അകത്താണ് ഇവര്‍ കുടിലുകള്‍ സ്ഥാപിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് എവിടേക്കും പോവാന്‍ ഇടമില്ലാത്തതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബം ഇന്നലെ ഈ തകര്‍ന്ന കുടിലുകളില്‍ തന്നെയാണ് താമസിച്ചത്.

അതേസമയം പട്ടിക ജാതി-പട്ടിക വകുപ്പ് മന്ത്രിയായ ഒ.ആര്‍. കേളുവിന്റെ മണ്ഡലത്തില്‍ തന്നെ ആദിവാസി കുടുംബങ്ങള്‍ക്കെതിരെ ഇത്തരമൊരു അതിക്രമം ഉണ്ടായതിനാല്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഏറെ സങ്കടകരമായതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ് തോല്‍പ്പെട്ടിയില്‍ ഉണ്ടായതെന്നാണ് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

‘സംഭവിക്കാന്‍ പാടില്ലാത്ത അതീവ ഗുരുതരമായ കാര്യമാണ് മാനന്തവാടി തിരുനെല്ലി പഞ്ചായത്തില്‍ ഉണ്ടായിരിക്കുന്നത്. ഭൂമിയില്ലാത്ത, സ്വന്തമായി വീടില്ലാത്ത മൂന്ന് കുടുംബങ്ങള്‍ വനത്തിനടുത്ത് 16 കൊല്ലമായി താമസിക്കുന്നു. ഒരു സുപ്രഭാതത്തില്‍ വന്ന് വീട്ടില്‍ നിന്ന് വലിച്ചെറിയാന്‍ ആരാണ് ഈ വനം വകുപ്പ് അധികൃതര്‍ക്ക് അനുമതി നല്‍കിയത്?.

കേരളത്തിന്റെ പട്ടിക വകുപ്പ് മന്ത്രിയായ ഒ.ആര്‍ കേളുവിന്റെ സ്വന്തം മണ്ഡലത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് പോലും രക്ഷയില്ലെങ്കില്‍ പിന്നെ ബാക്കിയുള്ളവരുടെ സ്ഥിതി എന്താവും? ഇതാണോ പിണറായി വിജയന്റെ നയം? ആരാണ് ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കേണ്ടത്. ഭൂമി നല്‍കേണ്ട സര്‍ക്കാര്‍ തന്നെയല്ലേ അവരെ ഇറക്കി വിട്ടത്. ഇതാണോ ഇടതുപക്ഷത്തിന്റെ നയം?,’ ടി. സിദ്ദിഖ് എം.എല്‍.എ ചോദിച്ചു.

Content Highlight: The forest department officials demolished the huts of tribal families in Tholpetty