ഉത്സവത്തിന് ഇസ്‌ലാം മതത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനമില്ല; പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ
Kerala News
ഉത്സവത്തിന് ഇസ്‌ലാം മതത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനമില്ല; പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th April 2022, 4:08 pm

കണ്ണൂര്‍: ഉത്സവത്തിന് ഇസ്‌ലാം മതത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

മാനവ സാഹോദര്യത്തിന്റെയും സാംസ്‌കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോര്‍ഡ് സ്ഥാപിക്കുന്നത് മത നിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കമ്മിറ്റി വ്യക്തമാക്കി.

‘നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതിമത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്. വിശ്വാസത്തെയും കൂട്ടുപിടിച്ച് അപരിഷ്‌കൃതമായ ദുരാചാരത്തെ തിരിച്ചു കൊണ്ടുവരുന്നത് നാടിന്റെ നന്മയോടുള്ള ഭീഷണിയാണ്.

കഴിഞ്ഞ വര്‍ഷവും ക്ഷേത്ര അധികൃതര്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും അതില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.

നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ സമൂഹം ഉയര്‍ന്ന് പ്രവര്‍ത്തിക്കണം, ഇതിനെതിരെ മുഴുവന്‍ മതനിരപേക്ഷ വാദികളും രംഗത്ത് വരണം,’ ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടു.

Content Highlights: The festival is off-limits to Muslims; DYFI protests