കൊവിഡ് മഹാമാരിയെക്കുറിച്ച് ആദ്യമായി ലോകത്തെയറിയിച്ച വനിത മാധ്യമപ്രവർത്തകക്ക് ഒടുവിൽ ജയിൽ മോചനം
World
കൊവിഡ് മഹാമാരിയെക്കുറിച്ച് ആദ്യമായി ലോകത്തെയറിയിച്ച വനിത മാധ്യമപ്രവർത്തകക്ക് ഒടുവിൽ ജയിൽ മോചനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 8:53 am

വുഹാൻ: വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ അറിയിച്ച വനിതാ മാധ്യമപ്രവർത്തക നാല് വർഷത്തിനൊടുവിൽ ജയിൽ മോചിതയായി.

വുഹാനിലെ കൊവിഡ് 19 വൈറസിനെക്കുറിച്ച് ആദ്യമായി ലോകത്തെയറിയിച്ച മാധ്യമപ്രവർത്തക ഷാങ് ഷാൻ നെ ചൈന ഭരണകൂടം തടവിലാക്കിയിരുന്നു. പിന്നീട് നാലുവർഷങ്ങൾക്കിപ്പുറമാണ് അവർ ജയിൽ മോചിതയാകുന്നത്.

അഭിഭാഷക കൂടിയായിരുന്ന ഷാങ് ഷാൻ 2020 ലാണ് വുഹാനിൽ എത്തുന്നത്. കൊവിഡ് 19 വുഹാനിലാകെ പിടിമുറുക്കിയ സമയമായിരുന്നു അത്. നഗരത്തിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ കാരണം വളരെ ചുരുക്കം മാധ്യമപ്രവർത്തകർ മാത്രമേ അവിടെ പ്രവർത്തിച്ചിരുന്നുള്ളു.

കൊവിഡ് 19 ന്റെ ഭീകരതയെക്കുറിച്ചുള്ള വീഡിയോ അടക്കമുള്ള വിവരങ്ങൾ ഷാങ് ഷാൻ തന്റെ ട്വിറ്റർ, വി ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

എന്നാൽ ഇത് രാജ്യത്തിൻറെ സമാധാനാന്തരീക്ഷം തകർത്തെന്നും കലഹങ്ങൾക്ക് കാരണമായെന്നും ചൂണ്ടിക്കാട്ടി വുഹാൻ പൊലീസ് ഷാങ് ഷാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 മെയ് മാസത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പിന്നീടിങ്ങോട്ട് നാലുവർഷമായി ചൈനയിലെ ഷാങ്ഹായി വനിത ജയിലിൽ തടവിലായിരുന്നു അവർ. ജയിലിൽ വെച്ച് നിരവധി തവണ അവർ നിരാഹാര സമരം കിടക്കുകയും തന്റെ നീതിനിഷേധത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഹ്യൂമൻ റൈറ്റ്സ് അസ്സോസിയേറ്റ് ഏഷ്യ ഡയറക്ടർ മായാ വാങ് ഷാങ് ഷാനിന്റെ ജയിൽ മോചനത്തിൽ പ്രതികരണവുമായെത്തി.

‘ഷാങ് ഷാനിന്റെ ആരോഗ്യ സ്ഥിതി മോശമായതിനു പിന്നാലെയാണ് അവരെ ജയിൽ മോചിതയാക്കിയത്. ഇത് ആശ്വാസകരമാണെങ്കിൽ പോലും തടവിലാക്കപ്പെടേണ്ട വ്യക്തിയായിരുന്നില്ല അവർ. കൊവിഡ് മൂലം ചൈനയിൽ ഉണ്ടായ വലിയ അപകടങ്ങളെ രഹസ്യമാക്കി വെക്കാൻ ശ്രമിച്ച ചൈനീസ് ഭരണകൂടത്തെയാണവൾ വെല്ലുവിളിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങൾക്ക് ചൈനീസ് സർക്കാർ ഉത്തരവാദികളാണ് എന്നാണ് ഷാങ് ഷായുടെ ജയിൽ മോചനം വ്യക്തമാക്കുന്നത്,’

ആംനെസ്റ്റി ഇന്റർനാഷണൽ ചൈന ഡയറക്ടർ ആയ സാറ ഭ്രൂക്‌സും ഈ വിധിയെ സ്വാഗതം ചെയ്തു.
2019 ഡിസംബറിൽ വുഹാനിലെ മത്സ്യ മാർക്കറ്റിലായിരുന്നു കൊവിഡ് 19 ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീടത് ചൈനയിൽ ഒന്നാകെ പടരുകയും ചെയ്തു. 28 രാജ്യങ്ങളിലായി കോവിഡ് വ്യാപിച്ചിരുന്നു.

 

Content Highlight: The female media worker who informed the world of Wuhan’s Covid is out of jail after four years