ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ, പാര്‍ലമെന്റില്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍.
മഹുവ മൊയ്ത്രക്കെതിരെയുള്ള നടപടികളില്‍ പാര്‍ലമെന്റ് വിശദമായ ചര്‍ച്ചയും വോട്ടെടുപ്പും നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അല്ലാത്തപക്ഷം സര്‍ക്കാരിന്റെ നടപടി പ്രാവര്‍ത്തികമാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്.
എത്തിക്‌സ് കമ്മിറ്റി മേധാവിയായ ബി.ജെ.പി എം.പി വിജയ് സോങ്കറാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്. അദാനി ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുകൊണ്ട് സഭയില്‍ ചോദ്യം ചോദിക്കാന്‍ മഹുവ കോഴ വാങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതനുസരിച്ച് ദേശീയ സുരക്ഷയെ ബാധിക്കുന്ന കൃത്യം നടന്നെന്ന് ചൂണ്ടിക്കാട്ടി മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കണമെന്നും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നുമാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അതേസമയം ഭാവിയില്‍ സര്‍ക്കാരിനെതിരെ ചോദ്യം ഉന്നയിക്കുന്നവരെ സഭയില്‍ നിന്ന് പുറത്താക്കാനുള്ള ആയുധമായി ഈ കീഴ്വഴക്കം മാറുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ധാര്‍മികമായ നടപടികളല്ല സഭയില്‍ നടക്കുന്നതെന്നും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു. ഇന്ത്യാ സഖ്യവും എം.പിമാരുമാണ് മഹുവ മൊയ്ത്രക്ക് പിന്തുണ നല്‍കിയിട്ടുള്ളത്.
റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.പിമാര്‍ ലോക്‌സഭയില്‍ ബഹളം വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ലോക്‌സഭയിലേക്ക് പ്രവേശിക്കുന്നതിന് മുന്നേയായി വസ്ത്രാക്ഷേപമാണ് നടക്കുന്നതെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.