റൊണാൾഡോയെയും മെസിയെയും അവർ ടീമിലെത്തിക്കുമെന്ന് മുഴുവൻ ക്ലബ്ബ്‌ അംഗങ്ങളും വിശ്വസിച്ചു; തുറന്ന് പറഞ്ഞ് താരം
football news
റൊണാൾഡോയെയും മെസിയെയും അവർ ടീമിലെത്തിക്കുമെന്ന് മുഴുവൻ ക്ലബ്ബ്‌ അംഗങ്ങളും വിശ്വസിച്ചു; തുറന്ന് പറഞ്ഞ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th January 2023, 8:33 pm

സമകാലിക ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരങ്ങളാണ് മെസിയും റൊണാൾഡോയും.
ഒരു പതിറ്റാണ്ടിലേറെ കാലമായി ലോക ഫുട്ബോളിനെ അടക്കി വാഴുന്ന ഇരു താരങ്ങളും ഒരു ടീമിൽ ഒരുമിച്ച് കളിക്കണമെന്നത് ലോക ഫുട്ബോൾ ആരാധകരിൽ ഭൂരിഭാഗം പേരുടെയും വലിയ ആഗ്രഹമാണ്.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ അറബ് വ്യവസായ പ്രമുഖർ ഏറ്റെടുത്തപ്പോൾ മെസിയേയും റൊണാൾഡോയേയും അവർ ടീമിലേക്ക് എത്തിക്കും എന്ന് മുഴുവൻ ക്ലബ്ബും വിശ്വസിച്ചു എന്ന് പറയുകയാണ് മുൻ സിറ്റി താരം പാബ്ലോ സബലേറ്റ.
സബലേറ്റയെ സൈൻ ചെയ്ത ശേഷമാണ് ഷേയ്ഖ് മൻസൂറിന്റെ നേതൃത്വത്തിൽ സിറ്റി ഗ്രൂപ്പ്‌ മാൻ സിറ്റിയെ ഏറ്റെടുത്തത്.

അർജന്റൈൻ താരമായ സബലേറ്റ പുതിയ ഉടമകൾക്ക് കീഴിൽ സിറ്റി ഗ്രൂപ്പിൽ വിജയകരമായി കരിയർ പൂർത്തിയാക്കിയ താരങ്ങളിൽ ഒരാളാണ്.
പുതിയ ഉടമകളായി അറബ് സമ്പന്നൻ എത്തിയത് മുതൽ ടീമിന്റെ ഡ്രസിങ് റൂമിൽ മെസിയും റൊണാൾഡോയും സിറ്റിയിലേക്കെത്തുമെന്ന ചർച്ചകൾ പതിവായി നടന്നതായി ലാ നാഷിയന് നൽകിയ അഭിമുഖത്തിലാണ് പാബ്ലോ സബലേറ്റ തുറന്ന് പറഞ്ഞത്.

“ഇംഗ്ലണ്ടിലേക്ക് പോകാം എന്ന് ഞാൻ തീരുമാനിച്ചത് പുതിയൊരു എക്സ്പീരിയൻസിന് വേണ്ടിയായിരുന്നു. കുറച്ച് നാൾ ഇംഗ്ലണ്ടിൽ കളിച്ച ശേഷം തിരിച്ച് സ്പെയ്നിലേക്കോ ഇറ്റലിയിലേക്കോ പോകാം എന്നായിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്,’ സബലേറ്റ പറഞ്ഞു.

“ഞാൻ ക്ലബ്ബിൽ എത്തി പത്ത് ദിവസം കഴിഞ്ഞതിന് ശേഷം ക്ലബ്ബിനെ അബുദാബിയിൽ നിന്നുമുള്ള ഗ്രൂപ്പ്‌ വാങ്ങിയതായി അറിഞ്ഞു. പിന്നെ ഒരു നാല് ദിവസം കഴിഞ്ഞപ്പോൾ റോബീന്യോ 40മില്യൺ പൗണ്ടിന് ഞങ്ങളുടെ ടീമിലെത്തി,’ അദ്ദേഹം കൂട്ടിച്ചേർത്തു.

“അതിന് ശേഷം ക്ലബ്ബിൽ ആറ് മാസമെങ്കിലും ഞാൻ ഉണ്ടാകുമോ എന്നായിരുന്നു എന്റെ ചിന്ത. മെസിയും റൊണാൾഡോയുമൊക്കെ ഞങ്ങളുടെ പകരക്കാരായി ക്ലബ്ബിലെത്തുമെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്,’ സബലേറ്റ പറഞ്ഞു.

2017 കാലഘട്ടിൽ പെപ്പ് ഗ്വാർഡിയോളക്ക് കീഴിൽ 100 മില്യൺ പൗണ്ട് പ്രതിഫലത്തിൽ മെസി കളിക്കാനെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
2021ലാണ് റൊണാൾഡോയെ ക്ലബ്ബിലെത്തിക്കാൻ സിറ്റി ശ്രമിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നത്. എന്നാൽ സർ അലക്സ് ഫെർഗൂസന്റെ ഇടപെടലുകളെത്തുടർന്ന് റൊണാൾഡോ യുണൈറ്റഡിലേക്ക് ചേക്കേറുകയായിരുന്നു.

 

Content Highlights:The entire club members believed that they would bring Ronaldo and Messi into the team said Pablo Zabaleta