Kerala News
അസൗകര്യമുണ്ടെന്ന് അറിയിച്ചു; ജി. സുധാകരനെ ഉദ്ഘാടകനാക്കി തീരുമാനിച്ച പരിപാടി മാറ്റി കെ.പി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Sunday, 13th April 2025, 12:31 pm

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് ജി. സുധാകരനെ ഉദ്ഘാടകനാക്കി തീരുമാനിച്ച പരിപാടി മാറ്റി കെ.പി.സി.സി നേതൃത്വം. ജി. സുധാകരന്‍ അസൗകര്യം അറിയിച്ചതോടെയാണ് പരിപാടി മാറ്റിയത്. പരിപാടി അടുത്ത ഞായറാഴ്ചയിലേക്ക് മാറ്റിയതായാണ് വിവരം.

ആദ്യം ഇന്ന് (ഞായര്‍) രാവിലെ 11ന് ആലപ്പുഴയിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. കെ.പി.സി.സിയുടെ പബ്ലിക്കേഷന്‍സായ പ്രിയദര്‍ശനി സംഘടിപ്പിക്കുന്ന ‘എം. കുഞ്ഞാമന്റെ എതിര്’ എന്ന പുസ്തക ചര്‍ച്ച-സര്‍ഗസംവാദത്തിലാണ് സുധാകരനെ ഉദ്ഘാടകനായി ക്ഷണിച്ചത്.

എന്നാല്‍ വേണ്ടപ്പെട്ട ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ജി. സുധാകരന്‍ അറിയിക്കുകയായിരുന്നു.

പ്രിയദര്‍ശിനി സംഘടിപ്പിച്ച പരിപാടിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാലും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എം. കുഞ്ഞാമന്റെ എതിര് എന്ന പുസ്തകത്തില്‍ അദ്ദേഹം സി.പി.ഐ.എം നേതാക്കളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ജി. സുധാകരനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി. സുധാകരനെ തന്നെ പരിപാടിയുടെ ഉദ്ഘാടകനായി കെ.പി.സി.സി ക്ഷണിച്ചത്.

കഴിഞ്ഞ ദിവസം സി.പി.ഐ.എം ദേശീയ സെക്രട്ടറി എം.എ. ബേബി ജി. സുധാകരന്റെ വീട്ടില്‍ നേരിട്ടെത്തി അനുനയത്തിനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സുധാകരന് കെ.പി.സി.സിയുടെ ക്ഷണം ലഭിക്കുന്നത്.

നേരത്തെ തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച സെമിനാറില്‍ ജി. സുധാകരന്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

പരിപാടിയില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ ജി. സുധാകരന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് വിവാദമായത്. തുടര്‍ന്ന് അദ്ദേഹം സൈബര്‍ ഇടങ്ങളില്‍ ആക്രമണവും നേരിട്ടിരുന്നു.

Content Highlight: Inconvenience reported; KPCC postpones event scheduled to feature G. Sudhakaran as inaugurator