ലണ്ടൻ: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് സമ്മതിച്ച് യു.കെ റെയിൽ മന്ത്രി. ലോർഡ് പീറ്റർ ഹെൻഡിയാണ് തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ചത്. ലണ്ടനിൽ ഒരു വിന്റേജ് റൂട്ട്മാസ്റ്റർ ബസ് ഓടിക്കുമ്പോൾ അദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് യാത്രക്കാരിലൊരാൾ കാണുകയും അദ്ദേഹത്തിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.
പിന്നാലെ അദ്ദേഹം തന്റെ തെറ്റ് സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. റെയിൽവേ ഫാമിലി ചാരിറ്റിക്ക് പണം സ്വരൂപിക്കുന്നതിനായി ലോർഡ് ഹെൻഡി മൂന്ന് വർഷമായി ചാരിറ്റി ബസ് ടൂറുകൾ നടത്താറുണ്ട്. ടൂറിനായി ഉപയോഗിക്കുന്ന ക്ലാസിക് റൂട്ട്മാസ്റ്റർ ബസ് അദ്ദേഹത്തിന്റെ കൈവശമുണ്ട്.
ഒരു ചാരിറ്റി പരിപാടിക്കായി പോകുമ്പോൾ വാഹനം ഓടിക്കുന്നതിനിടെ ലോർഡ് പീറ്റർ ഹെൻഡി തന്റെ സുഹൃത്തിന് സന്ദേശം അയയ്ക്കുന്നത് യാത്രക്കാരൻ കാണുകയായിരുന്നു. പിന്നാലെ യാത്രക്കാരൻ മാർച്ച് 31 ന് മെട്രോപൊളിറ്റൻ പൊലീസിൽ സംഭവം റിപ്പോർട്ട് ചെയ്തു.
ആദ്യം, മതിയായ തെളിവുകൾ ഇല്ലെന്ന് കണ്ട് പൊലീസ് കേസ് അവസാനിപ്പിച്ചു. എന്നാൽ ലോർഡ് ഹെൻഡി തന്നെ താൻ ചെയ്തത് സമ്മതിച്ചതോടെ അന്വേഷണം പുനരാരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം പീറ്റർ ഹെൻഡി വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചു. ഈ പിഴവിന് അദ്ദേഹം പൂർണമായി ക്ഷമാപണം നടത്തുകയും പോലീസിനെ ബന്ധപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ശിക്ഷയായി അദ്ദേഹത്തിന് പിഴ ലഭിക്കാനും ലൈസൻസിൽ ആറ് പോയിന്റുകൾ ചേർക്കുകയും ചെയ്യാനാണ് സാധ്യതയെന്ന് മാധ്യമങ്ങൾ പറഞ്ഞു.
സുരക്ഷിതമല്ലാത്ത രീതികൾക്ക് വേണ്ടി വാദിക്കുകയോ അവ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് റെയിൽവേ ഫാമിലി ഫണ്ട്‌റൈസറിന്റെ സംഘാടകർ ഒരു പ്രസ്താവനയിൽ പറഞ്ഞു. യഥാർത്ഥ സാഹചര്യം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. കൂടാതെ സംഭവത്തിൽ അന്വേഷണവും നീതിപൂർവ്വം നടക്കുമെന്ന് ഞങൾ പ്രതീക്ഷിക്കുന്നു,’ റെയിൽവേ ഫാമിലി ഫണ്ട്‌റൈസർ പറഞ്ഞു.
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതിന് ഒരു മന്ത്രി പിടിക്കപ്പെടുന്നത് ഇതാദ്യമല്ല. 2022ൽ അന്നത്തെ സുരക്ഷാ മന്ത്രിയും കൺസർവേറ്റീവ് എം.പിയുമായ ടോം തുഗെൻഹാറ്റിനെ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചതിന് ആറ് മാസത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.
Content Highlight: Rail minister reports himself to police after using phone while driving a bus