ഹിഗ്വിറ്റ എന്ന പേര് മാറ്റാന്‍ കഴിയില്ല, ജീവിച്ചിരിക്കുന്ന ഒരാളിന്റെ പേരിലുള്ള ക്രിയേഷന്‍ മാത്രമാണ് സിനിമ: സംവിധായകന്‍
Entertainment news
ഹിഗ്വിറ്റ എന്ന പേര് മാറ്റാന്‍ കഴിയില്ല, ജീവിച്ചിരിക്കുന്ന ഒരാളിന്റെ പേരിലുള്ള ക്രിയേഷന്‍ മാത്രമാണ് സിനിമ: സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd December 2022, 12:18 pm

ഹിഗ്വിറ്റ എന്ന പേര് വിലക്കിയതുമായി ബന്ധപ്പെട്ട് ഫിലിം ചേബറിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹേമന്ത്. ജി. നായര്‍. ചിത്രത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സിനിമ റിലീസിനായുള്ള അവസാന ഘട്ടത്തിലായതിനാല്‍ പേര് മാറ്റുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സംവിധായകന്‍ അറിയിച്ചു. എന്‍.എസ്.മാധവന്റെ ചെറുകഥയുമായി സിനിമക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും ഹേമന്ത് പറഞ്ഞു.

”ഇതുവരെ ഫിലിം ചേംബറില്‍ നിന്നും പേര് വിലക്കിയതായുള്ള അറിയിപ്പ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിനിമയുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ഞങ്ങള്‍ തീരുമാനമെടുത്തിട്ടില്ല.

ചിത്രത്തിന്റെ പേര് മാറ്റാന്‍ സാധിക്കില്ല. കാരണം സിനിമ അവസാന ഘട്ടത്തിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ സിനിമയുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

ഞാനിപ്പോള്‍ പ്രൊഡ്യൂസറുമായി കൂടിയാലോചിക്കുകയാണ്. എന്‍.എസ്. മാധവന്‍ സാറിന്റെ കഥയുമായോ കഥാപാത്രങ്ങളുമായോ യാതൊരു ബന്ധവും ഈ സിനിമക്ക് ഇല്ല. അത്തരത്തിലുള്ള ഒരു പരാമര്‍ശവും സിനിമക്ക് ഉള്ളില്‍ ഇല്ല.

നിലവില്‍ ചിത്രത്തിന്റെ പേര് മാറ്റാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഹിഗ്വിറ്റ എന്നത് ജീവിച്ചിരിക്കുന്ന കൊളംബിയന്‍ ഗോളിയാണ്. ജീവിച്ചിരിക്കുന്ന ഒരാളിന്റെ പേരിലുള്ള ഒരു ക്രിയേഷന്‍ മാത്രമാണ് ചെയ്തിരിക്കുന്നത്,” ഹേമന്ത്. ജി. നായര്‍ പറഞ്ഞു.

എന്‍.എസ്. മാധവന്റെ ട്വീറ്റിന് പിന്നാലെ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമക്ക് ഹിഗ്വിറ്റയെന്ന പേര് നല്‍കുന്നത് ഫിലിം ചേംബര്‍ വിലക്കിയത്. എന്‍.എസ് മാധവനോട് അനുമതി വാങ്ങാതെയാണ് പേര് നല്‍കിയിരിക്കുന്നതെന്ന് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയത്. എന്‍.എസ്. മാധവന്റെ അനുമതി വാങ്ങിയാല്‍ വിലക്കില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ചേംബര്‍ അറിയിച്ചിരുന്നു.

content highlight: The director of the film said that he has not received any notice from the Film Chamber regarding the banning of the name Higuita