തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്ത് നായകനാവുന്ന ജയ്‌ലര്‍. വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് എത്തുന്നത്. മോഹന്‍ലാല്‍, രമ്യ കൃഷ്ണന്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്റോഫ്, തമന്ന എന്നിങ്ങനെ പല ഇന്‍ഡസ്ട്രികളില്‍ നിന്നുമുള്ള പ്രതിഭകളാണ് ജയ്‌ലറിലെത്തുന്നത്.
ചിത്രത്തില്‍ വില്ലനെ അവതരിപ്പിക്കുന്നത് മലയാളി താരമായ വിനായകനാണ്. വിനായകനിലേക്ക് വില്ലന്‍ വേഷം എത്തിയതിന് പിന്നില്‍ ഒരു കഥയുണ്ട്. മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ ആദ്യം വില്ലനായി നിശ്ചയിച്ചിരുന്നത്. നെല്‍സണാണ് മമ്മൂട്ടിയെ കൊണ്ടുവരാമെന്ന ആവശ്യം രജിനികാന്തിന് മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. സംഭവം കേട്ടപ്പോള്‍ രജിനിക്കും താല്‍പര്യം തോന്നുകയും മമ്മൂട്ടിയെ വിളിച്ച് സംസാരിക്കുകയും ചെയ്തു. ദളപതിയില്‍ ഉറ്റ സുഹൃത്തായി അഭിനയിച്ച മമ്മൂട്ടി ഇനി രജിനിയുടെ വില്ലനായെത്താമെന്നും സമ്മതിച്ചു.
എന്നാല്‍ പിന്നീട് വില്ലനായതുകൊണ്ട് ഫൈറ്റ് രംഗങ്ങളെ പറ്റി രജിനിക്ക് ആശങ്കയുണ്ടാവുകയും ഇതേ ആശങ്ക നെല്‍സണും പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് വില്ലന്‍ സ്ഥാനത്തേക്ക് മമ്മൂട്ടി തന്നെ വേണോ എന്ന കാര്യത്തില്‍ പുനരാലോചന ഉണ്ടായി. ഒടുവില്‍ മമ്മൂട്ടിക്ക് വേണ്ടി നിശ്ചയിച്ച ശക്തനായ വില്ലനായി അവര്‍ പകരം കണ്ടെത്തിയ താരമാണ് വിനായകന്‍.
ജയ്‌ലര്‍ ഓഡിയോ ലോഞ്ചില്‍ രജിനികാന്ത് തന്നെ സംഭവത്തെ പറ്റി വിവരിക്കുന്നുണ്ട്. ‘ഒരു പേര് സജഷനിലേക്ക് വന്നു. വലിയ സ്റ്റാറാണ്. വളരെ മികച്ച, കഴിവുള്ള ആര്‍ട്ടിസ്റ്റ്, എന്റെ നല്ല സുഹൃത്ത്, അദ്ദേഹം ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന് നെല്‍സണ്‍ ചോദിച്ചു. നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു. സാറിന്റെ നല്ല സുഹൃത്തല്ലേ, സാറൊന്ന് ചോദിച്ചാല്‍ ഞാന്‍ പിന്നെ ഫോളോ അപ്പ് ചെയ്തേക്കാമെന്ന് നെല്‍സണ്‍ പറഞ്ഞു.
ഞാന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ച് ഈ റോളിന്റെ കാര്യം സംസാരിച്ചു. വില്ലന്‍ കഥാപാത്രമാണ്, പക്ഷേ വളരെ ശക്തമായ കഥാപാത്രമാണ്, നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും, ഇനി നോ പറഞ്ഞാലും കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ സംവിധായകനോട് വന്ന് കഥ പറയാന്‍ പറയൂ എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വലിയ സന്തോഷമായി. അദ്ദേഹം സമ്മതിച്ച കാര്യം ഞാന്‍ നെല്‍സണോട് പറഞ്ഞു. നെല്‍സണ്‍ പോയി കഥ പറഞ്ഞിട്ട് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു.
പക്ഷേ ഒരു രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ശരിയല്ലാത്ത പോലെ തോന്നി. കഥാപാത്രം ഇങ്ങനെയാണല്ലോ, അദ്ദേഹത്തെ അടിക്കാന്‍ പറ്റില്ല എന്നൊക്കെ ഞാന്‍ ചിന്തിച്ചു. ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ എന്ത് വിചാരിച്ചോ അത് തന്നെയായിരുന്നു നെല്‍സണും ചിന്തിച്ചിരുന്നത്. അങ്ങനെ സംസാരിച്ച് വിനായകനിലേക്ക് എത്തി. അദ്ദേഹത്തിന്റെ ഗെറ്റപ്പ് എന്നെ കാണിച്ചു. പിന്നെ വിനായകനിലേക്ക് പോയി,’ രജിനികാന്ത് പറഞ്ഞു.
രജിനികാന്ത് പ്രസംഗിക്കുമ്പോള്‍ നെല്‍സണ്‍ അടുത്തിരിക്കുന്ന ആളോട് മമ്മൂട്ടി എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. എന്തായാലും രജിനിക്ക് വില്ലനായി വിനായകന്‍ എത്തുമ്പോള്‍ എങ്ങനെയാവുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
Content Highlight: The director found Vinayakan to replace Mammootty in jailer movie