ഇപ്പോഴത്തെ ഒന്നാം സ്ഥാനമല്ല ഞങ്ങളുടെ ലക്ഷ്യം, എന്ന് കരുതി താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയുമില്ല: ഒഡിഷ കോച്ച്
Football
ഇപ്പോഴത്തെ ഒന്നാം സ്ഥാനമല്ല ഞങ്ങളുടെ ലക്ഷ്യം, എന്ന് കരുതി താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയുമില്ല: ഒഡിഷ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th October 2022, 12:19 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് ഒഡിഷ എഫ്.സി കാഴ്ച വെച്ചത്. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരുവിനെ പരാജയപ്പെടുത്താന്‍ ഒഡിഷക്കായി.

33ാം മിനിട്ടില്‍ നന്ദകുമാര്‍ ശേഖര്‍ നേടിയ ഗോളാണ് മത്സരവിധി നിര്‍ണയിച്ചത്. രണ്ടാം ഗോളും നേടി വിജയം നേരത്തേ ഉറപ്പിക്കാന്‍ ഒഡിഷക്ക് പല അവസരങ്ങളും കിട്ടിയെങ്കിലും ഗോളി ഗുര്‍പ്രീത് സന്ധുവിനെ മറികടക്കാനായില്ല.

33ാം സെറ്റ് പീസില്‍ നിന്നായിരുന്നു നന്ദകുമാറിന്റെ കിടിലന്‍ ഗോള്‍ ഒഡീഷയെ മുന്നിലെത്തിച്ചത്.

ഈ വിജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ ഹൈദരാബാദ് എഫ്.സിയെ പിന്തള്ളി ലീഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഒഡീഷ.

നാല് മല്‍സരങ്ങളില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം ഒമ്പതു പോയിന്റുമായിട്ടാണ് ഒഡീഷ ഒന്നാംസ്ഥാനക്കാരായത്.

ടീം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത് തങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണെന്നും എന്നാല്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നുമാണ് കോച്ച് ജോസെപ് ഗോമ്പു പറഞ്ഞത്. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഒരു സീസണ്‍ മികച്ച രീതിയില് തുടങ്ങുക എന്നുള്ളത് വലിയ കാര്യമാണ്. അത് നമുക്ക് കൂടുതല്‍ കോണ്‍ഫിഡന്‍സ് തരികയും ചെയ്യും. എന്നാല്‍ എപ്പോഴും അങ്ങനെ ആകണം എന്ന് കരുതി താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല.

ഏറ്റവും അവസാനം വരെ മികച്ച് നില്‍ക്കാന്‍ തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷെ പോയിന്റ് പട്ടിക മാറിമറിയാം. ഇന്ന് ഞങ്ങളാണെങ്കില്‍ നാളെ മറ്റാരെങ്കിലും ആ സ്ഥാനത്തെത്തിയേക്കാം. അതുകൊണ്ട് ഇപ്പോഴത്തെ ഒന്നാം സ്ഥാനമല്ല ഞങ്ങളുടെ ലക്ഷ്യം,’ ഗോമ്പു കൂട്ടിച്ചേര്‍ത്തു.

അതേസമയം പരാജയത്തോടെ ടോപ്പ് ഫോറില്‍ നിന്നും ബെംഗളൂരു പുറത്തായിരിക്കുകയാണ്. നേരത്തേ നാലാമതായിരുന്ന ബെംഗളൂരു ഒഡീഷയോടു തോറ്റതോടെ ആറാംസ്ഥാനത്തേക്ക് വീണു.

 

Content Highlights: The current position is not our target, we will not put pressure on the players, says Odisha coach Josep Gombau