അർജന്റീനക്കും ബാഴ്സലോണക്കും പണികൊടുത്ത വിവാദ റഫറി വിരമിക്കുന്നു
football news
അർജന്റീനക്കും ബാഴ്സലോണക്കും പണികൊടുത്ത വിവാദ റഫറി വിരമിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th January 2023, 10:00 am

ഖത്തർ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനും ഉത്സാഹത്തിനുമൊപ്പം തന്നെ പല വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കൂടി വേദിയായിരുന്നു.

മത്സരം നിയന്ത്രിച്ച റഫറിമാർക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കൂടാതെ മത്സരത്തിന്റെ അധിക സമയങ്ങളുടെ ദൈർഘ്യക്കൂടുതലും വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

എന്നാൽ ലോകകപ്പ് മത്സരവേദിയിൽ ഏറ്റവും വലിയ വിവാദം ഉണ്ടാക്കിയ റഫറിയാണ് സ്പാനിഷ് വംശജനായ മത്തെഹൂ ലാഹോസ്.

ഫിഫ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലെ അർജന്റീന-നെതർലാൻഡ്സ് മത്സരം നിയന്ത്രിച്ച ലാഹോസ്‌ 16മഞ്ഞക്കാർഡുകളാണ് മത്സരത്തിൽ പുറത്തെടുത്തത്.

ഇതോടെ റഫറിയുമായി അർജന്റീനയുടെയും നെതർലാൻഡ്സിന്റെയും താരങ്ങൾ കൊമ്പ് കോർക്കുകയും മെസി അടക്കമുള്ള താരങ്ങൾ റഫറിക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

ഇതിനെ തുടർന്ന് ഫിഫ റഫറിക്കെതിരെ പരിശോധന നടത്തുകയും സംഭവത്തിൽ ലാഹോസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്ന് അദ്ദേഹത്തെ നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു.

എന്നാൽ ലോകകപ്പിന് ശേഷം നടന്ന ലാ ലി ഗയിലെ ബാഴ്സ-എസ്പ്യാനോൾ മത്സരത്തിൽ 14 മഞ്ഞക്കാർഡുകൾ ലാഹോസ്‌ പുറത്തെടുത്തിരുന്നു.

അനാവശ്യമായി കാർഡുകൾ എടുക്കുന്ന ലാഹോസിനെതിരെ ഇതോടെ വലിയ ട്രോളുകളും സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള വിമർശനങ്ങളും വ്യാപകമായി.ഇതോടെ ലാഹോസിനെ ഇനി ലാ ലിഗയിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ ഏല്പിക്കേണ്ടെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിരുന്നു.

സ്ഥിരമായി വരുന്ന വിമർശനങ്ങൾ മൂലം ലാഹോസ്‌ വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ ലാഹോസ് ഫിഫ, സ്പാനിഷ് ഫുട്ബോൾ അധികൃതരുമായി ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സീസൺ അവസാനിക്കുന്നതോട് കൂടി ലാഹോസ്‌ തന്റെ കരിയറിൽ നിന്നും വിരമിക്കും എന്ന് മാർക്കയടക്കം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

അതേസമയം അർജന്റീന-നെതർലൻഡ്സ് മത്സരത്തിൽ ലാഹോസ്‌ അർജന്റീനക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്നും, അർജന്റീനയുടെ പക്ഷം പിടിച്ച് മത്സരം നിയന്ത്രിച്ചെന്നും ഡച്ച് യുവതാരം ഡിയോങ്‌ ആരോപിച്ചിരുന്നു.

എന്നാൽ മത്സരത്തിൽ റഫറിക്ക് ക്വാളിറ്റി ഇല്ലായിരുന്നെന്നും ഇത്തരക്കാരെ റഫറിയാക്കി വെക്കുന്നതിൽ ഫിഫ ഒന്നുകൂടി ആലോചിക്കണം എന്ന് ആവശ്യപ്പെട്ട് മെസിയും രംഗത്തെത്തിയിരുന്നു.

 

Content Highlights:The controversial referee Mateu Lahoz planning to retire