ചെന്നൈ: മോദി വിരുദ്ധ ലേഖനം ഷെയര്‍ ചെയ്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ വ്യക്തിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ശിപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം.
നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ദ ക്വിന്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനം ഷെയര്‍ ചെയ്തുവെന്ന കാരണംപറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച അഡ്വ. ആര്‍. ജോണ്‍ സത്യനെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി വീണ്ടും കൊളീജിയം നോമിനേറ്റ് ചെയ്തത്.
2017ല്‍ നീറ്റ് പരീക്ഷ വിജയിക്കാനാവാതെ ആത്മഹത്യ ചെയ്ത അനിത എന്ന പെണ്കുട്ടിയുടെ മരണം ഒരു ‘രാഷ്ട്രീയ വഞ്ചന’യുടെ ഭാഗമാണെന്നു സമര്‍ത്ഥിക്കുന്ന ലേഖനവും അഡ്വ. ആര്‍. ജോണ്‍ സത്യന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.
എന്നാല്‍ അഡ്വ. ആര്‍. ജോണ്‍ സത്യന്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ചായ്‌വുള്ള ആളല്ലെന്നും കേന്ദ്രം പറഞ്ഞ കാരണങ്ങള്‍ അദ്ദേഹത്തിന്റെ ഇന്റഗ്രിറ്റിയെ ബാധിക്കുകയില്ലെന്നും കൊളീജിയം അഭിപ്രായപ്പെട്ടു.
മദ്രാസ് ഹൈക്കോടതി, അലഹബാദ് ഹൈക്കോടതി, കര്‍ണാടക ഹൈക്കോടതി എന്നീ മൂന്ന് ഹൈക്കോടതികളിലെ ജഡ്ജിമാരായി 17 അഭിഭാഷകരെയും മൂന്ന് ജുഡീഷ്യല്‍ ഓഫീസര്‍മാരെയുമാണ് സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ രണ്ട് വട്ടം തിരിച്ചയച്ച പേരുകളും കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് മടക്കിയാല്‍ അംഗീകരിക്കില്ലെന്നും കൊളീജിയം മുന്നറിയിപ്പ് നല്‍കി. ദല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ സൗരഭ് കൃപാലിന്റെ പേരും ഇത്തരത്തില്‍ ശിപാര്‍ശ ചെയ്തതില്‍ ഉള്‍പ്പെടുന്നു.
സൗരഭ് സ്വവര്‍ഗാനുരാഗി ആണെന്നത് നിയമനം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കൊളീജിയം പറഞ്ഞു.
അഭിഭാഷകരുടെ ലൈംഗികാഭിമുഖ്യം, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ എന്നിവ ജഡ്ജി ആക്കുന്നതിനു തടസമല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ കൊളീജിയം പറഞ്ഞു.