ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിന്റെ പേരിലെ ഭാരത് ഒഴിവാക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.
ചിത്രത്തിന്റെ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന പേരില്‍ നിന്ന് ഭാരത് മാറ്റി ഒരു സര്‍ക്കാര്‍ ഉത്പന്നം എന്നാക്കിയില്ലെങ്കില്‍ സിനിമക്ക് പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.
എന്നാല്‍ എന്താണ് പേര് മാറ്റണമെന്ന് പറയുന്നതിന്റെ കാരണമെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. തങ്ങള്‍ക്ക് മറ്റു വഴികളില്ലെന്നും, അതിനാല്‍ മാര്‍ച്ച് എട്ടിന് ചിത്രം പുറത്തിറക്കാന്‍ വേണ്ടി പേര് മാറ്റുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ ഉത്പന്നം എന്നാണ് പുതിയ പേര്.
നിലവില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ ട്രെയ്‌ലറിന് ഈ പേരില്‍ സെന്‍സര്‍ അനുവദിച്ചിരുന്നതാണ്. സിനിമയുടെ ഉള്ളടക്കത്തിലും സെന്‍സര്‍ ബോര്‍ഡിന് പരാതിയില്ല. പക്ഷേ പേരിലെ ഭാരതം എന്ന വാക്കിനോട് മാത്രമാണ് വിയോജിപ്പെന്ന് സിനിമയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുഭീഷ് സുധി പറഞ്ഞു. പോസ്റ്റര്‍ അച്ചടി ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രചാരണവും തുടങ്ങിയ ഈ സമയത്ത് വരുന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനം സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നും അദേഹം പറഞ്ഞു.
ഈ സിനിമയുടെ പേര് ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന് തീരുമാനിച്ചതിന്റെ കാരണം സിനിമ കാണുന്നവര്‍ക്ക് മനസിലാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സിനിമയുടെ മേല്‍ നടത്തുന്ന ഇത്തരം അനാവശ്യ ഇടപെടലുകളില്‍ തങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
സിനിമയുടെ പേര് ഒന്നര വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്താണെന്നും കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സാണ് ഈ പേരിന് അനുമതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. സിനിമയുടെ ട്രെയ്‌ലര്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തതാണെന്നും തീയേറ്ററുകളില്‍ നിന്നും ആ ട്രെയ്‌ലര്‍ പിന്‍വലിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമക്ക് പഴയ പേര് വേണമെങ്കില്‍ നാഷണല്‍ റിവ്യു കമ്മിറ്റിക്ക് മുന്നില്‍ പോകാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നതെന്നും അത് ഏകദേശം ഒന്നോ രണ്ടോ മാസം നീണ്ടുനില്‍ക്കുന്ന പ്രോസസാണെന്നും അവര്‍ പറയുന്നു. സിനിമാ സമരം കാരണം ഒന്നാം തീയ്യതി റിലീസ് ചെയ്യേണ്ട സിനിമ എട്ടാം തീയ്യതിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അതിനാല്‍ ഇനിയും നീട്ടിവെക്കുക പ്രായോഗികമല്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ പേരില്‍ സര്‍ക്കാര്‍ ഉത്പന്നം എന്നുപയോഗിക്കാം, ഇത് കേരളമെന്നോ തമിഴ്‌നാടെന്നോ ഇന്ത്യനെന്നോ ആയിരുന്നെങ്കിലും ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്നും ഭാരതം എന്ന വാക്കിന്റെ ഉടമസ്ഥാവകാശം ചിലര്‍ തങ്ങളുടേതാക്കുന്നു എന്നതാണ് പ്രശ്‌നമെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പത്രകുറിപ്പില്‍ പറയുന്നു.
ലാല്‍ ജോസിന്റെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന സിനിമയാണ് ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം. ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലി കിഷോറാണ് നായികയായെത്തുന്നത്.
ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി.വി. കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ.സി. എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രം മാര്‍ച്ച് എട്ടിനാണ് തിയേറ്ററിലെത്തുന്നത്.
നിസാം റാവുത്തര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ സുബീഷ് സുധിക്കും ഷെല്ലി കിഷോറിനും പുറമെ അജു വര്‍ഗീസ്, ഗൗരി ജി. കിഷന്‍, ദര്‍ശന എസ്. നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങിയവരും ഒന്നിക്കുന്നു.