ഒമിക്രോണിന്റെ പേരില്‍ 'സര്‍ക്കാരിന്റെ ആഫ്രിക്കന്‍ വേട്ട'; വിവാദ തലക്കെട്ടില്‍ തായ്‌ലന്‍ഡിലെ ബാങ്കോക് പോസ്റ്റിന് പരസ്യശാസന
World News
ഒമിക്രോണിന്റെ പേരില്‍ 'സര്‍ക്കാരിന്റെ ആഫ്രിക്കന്‍ വേട്ട'; വിവാദ തലക്കെട്ടില്‍ തായ്‌ലന്‍ഡിലെ ബാങ്കോക് പോസ്റ്റിന് പരസ്യശാസന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 7:48 pm

ബാങ്കോക്: ഒമിക്രോണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ തായ്‌ലന്‍ഡ് സര്‍ക്കാര്‍ ‘ആഫ്രിക്കക്കാരെ വേട്ടയാടുന്നു’ എന്ന തരത്തില്‍ വാര്‍ത്തയ്ക്ക് തലക്കെട്ട് നല്‍കിയതിന് പ്രാദേശിക ദിനപ്പത്രമായ ബാങ്കോക് പോസ്റ്റിന് പരസ്യ വിമര്‍ശനം.

‘സര്‍ക്കാര്‍ ആഫ്രിക്കന്‍ സന്ദര്‍ശകരെ വേട്ടയാടുന്നു (Government Hunts for African Visitors) എന്നായിരുന്നു ഡിസംബര്‍ രണ്ടിന് പുറത്തിറങ്ങിയ പത്രത്തിലേയും, വെബ്‌സൈറ്റിലേയും വാര്‍ത്തയ്ക്ക് ബാങ്കോക് പോസ്റ്റ് തലക്കെട്ട് നല്‍കിയത്. പത്രത്തില്‍ ആദ്യ പേജില്‍ തന്നെയായിരുന്നു വാര്‍ത്ത നല്‍കിയിരുന്നത്.

രാജ്യത്തെ കൊവിഡ് 19 സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയാണ് മാധ്യമത്തിന്റെ തലക്കെട്ടിലെ മോശം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

”ഈ തലക്കെട്ട് സര്‍ക്കാരിന്റെ നിലപാടിനെയോ പോളിസിയെയോ ഒരു തരത്തിലും പ്രതിഫലിപ്പിക്കുന്നതല്ല എന്ന് വ്യക്തമാക്കുന്നു. വളരെ മോശം വാക്കുകളാണ് അവര്‍ തെരഞ്ഞെടുത്തത്.

ഇതുവരെ ആ വാര്‍ത്തയ്ക്ക് ലഭിച്ചിട്ടുള്ള നെഗറ്റീവ് പ്രതികരണങ്ങള്‍ അതിന്റെ എഡിറ്റര്‍മാര്‍ മുഖവിലയ്‌ക്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,” തായ്‌ലന്‍ഡിന്റെ സെന്റര്‍ ഫോര്‍ കൊവിഡ്-19 സിറ്റുവേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (സി.സി.സി.എ) വക്താവ് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിമര്‍ശനമുയര്‍ന്നതോടെ വെബ്‌സൈറ്റിലെ തലക്കെട്ടില്‍ ബാങ്കോക് പോസ്റ്റ് മാറ്റം വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആഫ്രിക്കന്‍ സന്ദര്‍ശകരെ അന്വേഷിക്കുന്നു (Government seeks out African Visitors) എന്നാണ് തലക്കെട്ടില്‍ മാറ്റം വരുത്തിയത്.

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത് എന്നതിനാല്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നവംബര്‍ 15 മുതല്‍ തായ്‌ലന്‍ഡിലെത്തിയ 783 പേരെക്കുറിച്ച് അധികൃതര്‍ അന്വേഷിച്ച് വരികയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പത്രം ഇത്തരത്തില്‍ തലക്കെട്ട് നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: The Bangkok Post newspaper rebuked over ‘hunts Africans’ headline