ജെറുസലേം: ഇസ്രഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ യുവതിയുമായി നടത്തിയ അഭിമുഖം ബി.ബി.സി തെറ്റായി വിവര്‍ത്തനം ചെയ്തുവെന്ന ആരോപണവുമായി ഭാഷാ പ്രവര്‍ത്തകരുടെ സംഘം. അഭിമുഖത്തില്‍ യുവതി ഹമാസിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ ഹമാസിനെ പ്രശംസിച്ചു സംസാരിച്ചുവെന്ന രീതിയില്‍ സ്ഥാപനം പ്രചാരണം നടത്തുന്നുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
‘ഇസ്രഈല്‍ ഫലസ്തീനികളെ ഒരു മാസത്തേക്ക് തടവിലാക്കി. ശീതകാലം ആരംഭിച്ചപ്പോള്‍ ഇസ്രഈല്‍ വൈദ്യുതി വിച്ഛേദിച്ചു. തണുത്ത കാലാവസ്ഥയില്‍ ഞങ്ങളില്‍ പലരും മരണമടഞ്ഞു,’ എന്നായിരുന്നു അഭിമുഖത്തില്‍ മോചിപ്പിക്കപ്പെട്ട ഫലസ്തീനി പറഞ്ഞത്.
എന്നാല്‍ മനുഷ്യത്വരഹിതമായി തങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യങ്ങളില്‍ തങ്ങളെ ആരും സഹായിച്ചില്ലെന്നും ഹമാസ് മാത്രമാണ് തങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയതെന്നും, തടവുകാരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കിയ ഹമാസിനോട് ഇസ്രഈല്‍ തടവിലാക്കിയ ഫലസ്തീന്‍ യുവതി നന്ദി പറഞ്ഞതുമായാണ് ബി.ബി.സി അഭിമുഖം വിവര്‍ത്തനം ചെയ്തതെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
A released Palestinian prisoner says in Arabic that Israel held them in the cold w/o electricity, “sprayed us w/ pepper spray” & “left us to die.”
She never mentioned Hamas or a word like it. Yet @BBC translated to: “No one helped us. Only Hamas cared…We love them very much.” pic.twitter.com/hVPBuI4o1x
ഇസ്രഈല്‍ തടവുകാര്‍ക്ക് നേരെ പെപ്പെര്‍ സ്‌പ്രേ തെളിച്ച് ജയിലിനുള്ളില്‍ മരണത്തിന് വിട്ടുകൊടുത്തുവെന്നാണ് ഫലസ്തീന്‍ യുവതി അഭിമുഖത്തില്‍ പരാമര്‍ശിച്ചതെന്ന് ഭാഷ പ്രവര്‍ത്തകരുടെ സംഘടന വ്യക്തമാക്കി.
അതേസമയം ‘ഞങ്ങള്‍ ഹമാസിനെ വളരെയധികം സ്‌നേഹിക്കുന്നു’ എന്നാണ് അഭിമുഖത്തിന് ശീര്‍ഷകം നല്‍കിയതെന്നും അത് തടവുകാരുടെ വികാരങ്ങള്‍ ഹമാസിലേക്ക് മാത്രം ചുരുക്കപ്പെടുന്നതായി വ്യാഖ്യാനിക്കപ്പെടാമെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
അവര്‍ ഒരിക്കലും ഹമാസിനെയോ അത്തരത്തിലുള്ള വാക്കുകളോ അഭിമുഖത്തില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഭാഷാ പ്രവര്‍ത്തകര്‍ എക്‌സില്‍ കുറിച്ചു.
തെറ്റായ വിവര്‍ത്തനം ഭാഷാ പിശക് മാത്രമല്ലെന്നും അപകീര്‍ത്തികരമാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. ഇത് യുദ്ധത്തെ ആരാധിക്കുന്ന ഒരു കൂട്ടം ആളുകള്‍ കെട്ടിച്ചമച്ച വംശീയ പരാമര്‍ശങ്ങള്‍ ആണെന്നും സംഘടന ചൂണ്ടിക്കാട്ടി.