Advertisement
Kerala News
നടന്നത് റെയ്ഡ് അല്ല മൊഴിയെടുക്കല്‍; ഏത് അന്വേഷണത്തിലും സഹകരിക്കും; എ.പി അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 04, 11:13 am
Friday, 4th June 2021, 4:43 pm

കണ്ണൂര്‍: തന്റെ വീട്ടില്‍ നടന്നത് വിജിലന്‍സ് റെയ്ഡ് അല്ലെന്നും തന്റെ മൊഴിയെടുക്കല്‍ മാത്രമാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

അന്നത്തെ എം.എല്.എയുടെ മൊഴി എടുക്കാന്‍ വന്നതാണ്. ഉദ്യോഗസ്ഥരോട് ഓഫീസില്‍ വരാം എന്ന് ഞാന്‍ സമ്മതിച്ചതാണ്. അവരാണ് വീട്ടില്‍ വരാം എന്ന് പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അന്നത്തെ എം.എല്‍.എ എന്ന നിലയില്‍ യുടെ മൊഴി എടുക്കാന്‍ വന്നതാണ്. എം.എല്‍.എ എന്ന നിലയില്‍ 2014 ലെ ബഡ്ജറ്റില്‍ എഴുതി നല്‍കിയ പ്രപ്പോസലുകളില്‍ ഒന്നായിരുന്നു അതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

4 കോടിയിലധികം ചെലവഴിച്ച ഷോ മുടങ്ങിയത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നു. ഡി.ടി.പി.സിയേയും, കലക്ടര്‍മാരെയും വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ നിസ്സാഹായരായിരുന്നു. അവസാനം വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചു.

എം.എല്‍.എയ്ക്ക് ഈ പദ്ധതിയുടെ കരാര്‍ തീരുമാനം, നിര്‍വ്വഹണം എന്നിവയിലൊന്നും നേരിട്ട് പങ്കില്ല. ഈ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഇത് കേരളം കണ്ട ടൂറിസത്തിലെ ഒരു വലിയ തട്ടിപ്പാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അന്നത്തെ സര്‍ക്കാര്‍ , ഡി.ടി.പി.സി ഇവരൊക്കെ മറുപടി പറയേണ്ടതുണ്ട്. കുറ്റക്കാരനെ കണ്ടെത്തി അവരില്‍ നിന്ന് കാശ് പിടിച്ചെടുത്ത്
ഈ പദ്ധതി പുന:സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. ഏത് അന്വേഷണത്തിനും താന്‍ സഹകരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇന്ന് രാവിലെയാണ് എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് എത്തിയത്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ റെയ്ഡ് നടന്നത്. 2016 ല്‍ കണ്ണൂര്‍ എം.എല്‍.എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് വിജലന്‍സ് പരിശോധന നടന്നത്.

കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുമായി ചേര്‍ന്ന് ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. പദ്ധതിയില്‍ ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും അഴിമതി നടന്നുവെന്നുമാണ് കേസ്.

എന്നാല്‍ കോട്ടയില്‍ ഒറ്റ ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ഈ പദ്ധതിയില്‍ നടപ്പാക്കിയിരുന്നില്ല. അതേസമയം പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു.

പദ്ധതിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കേസില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി.ടി.പി.സിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍ എം.എല്‍.എ കൂടിയായ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ പരിശോധന നടന്നത്.

എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഇന്ന് രാവിലെ എന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് എന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചു. അത് ശരിയായില്ല , എന്ന് വിജിലന്‍സ് ഡി.വൈഎസ്.പി ബാബുരാജ് പെരിങ്ങോം തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് & ഷോ പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണത്തിന്റെഭാഗമായി
അന്നത്തെ എം.എല്.എയുടെ മൊഴി എടുക്കാന്‍ വന്നതാണ്.

ഉദ്യോഗസ്ഥരോട് ഓഫീസില്‍ വരാം എന്ന് ഞാന്‍ സമ്മതിച്ചതാണ്. അവരാണ് വീട്ടില്‍ വരാം എന്ന് പറഞ്ഞത് എം.എല്‍.എ എന്ന നിലയില്‍ 2014 ലെ ബഡ്ജറ്റില്‍ എഴുതി നല്‍കിയ പ്രപ്പോസലുകളില്‍ ഒന്നായിരുന്നു അത്.

2016 ല്‍ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം രണ്ടായിഴ്ചയോളം ഷോ നടന്നു.
എന്നാല്‍ പിന്നീട് അത് പൂണ്ണമായും പ്രവര്‍ത്ത രഹിതമായി.

4 കോടിയിലധികം ചെലവ വഴിച്ച ഷോ മുടങ്ങിയത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നു. DTPC യേയും, കലക്ടര്‍മാരെയും വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ നിസ്സാഹായരായിരുന്നു. അവസാനം വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചു.

എം.എല്‍.എയ്ക്ക് ഈ പദ്ധതിയുടെ കാരാര്‍ തീരുമാനം, നിര്‍വ്വഹണം എന്നിവയിലൊന്നും നേരിട്ട് പങ്കില്ല. ഈ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഇത് കേരളം കണ്ട ടൂറിസത്തിലെ ഒരു വലിയ തട്ടിപ്പാണ്.

അന്നത്തെ സര്‍ക്കാര്‍ , DTPC ഇവരൊക്കെ മറുപടി പറയേണ്ടതുണ്ട്. കുറ്റക്കാരനെ കണ്ടെത്തി അവരില്‍ നിന്ന് കാശ് പിടിച്ചെടുത്ത്
ഈ പദ്ധതി പുന:സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. ഏത് അന്വേഷണത്തിനും ഞാന്‍ സഹകരിക്കും

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

that was not a raid but investigation; Will co-operate in any investigation; AP Abdullakutty