Entertainment news
ആ രഹസ്യം പൃഥ്വിയുടെ കൈകളില്‍; ബറോസിന്റെ 'കോണ്‍ഫിഡന്‍ഷ്യല്‍' സ്‌ക്രിപ്റ്റിന്റെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 15, 05:55 pm
Monday, 15th March 2021, 11:25 pm

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ തിരക്കഥയുടെ ചിത്രം പങ്കുവെച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ബറോസിന്റെ ‘കോണ്‍ഫിഡന്‍ഷ്യല്‍’ സ്‌ക്രിപ്റ്റാണ് പൃഥ്വിക്ക് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.

ബറോസില്‍ താനും അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രം മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ (നവോദയ) എഴുതിയ ഇംഗ്ലീഷ് കഥ ‘ബറോസ്സ്-ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ ആണ് സിനിമയാവുന്നത്.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണിത്. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാളതു കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളതു കൈമാറുകയുള്ളൂ.

ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണു കഥയെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

സ്പാനിഷ് നടി പാസ് വേഗ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും അഭിനയിക്കും.

റാംബോ;ലാസ്റ്റ് ബ്ലഡ്, സെക്‌സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ.

ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: That secret is in the hands of Prithvi; Prithviraj shares a picture of Barroz’ ‘Confidential’ script