ഇത്തവണത്തെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ജൂറി തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം വാദങ്ങൾ ഉയർന്നിരുന്നു. അതിൽ ഒന്നാണ് മികച്ച ബാല താരത്തിനെ തെരഞ്ഞെടുത്തപ്പോൾ ഉണ്ടായത്. മികച്ച ബാലതാരമായി (ഫീമെയ്‌ൽ) തന്മയ സോൾ എന്ന കുട്ടിയെ തെരഞ്ഞെടുത്തപ്പോൾ മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവനന്ദ എന്ന കുട്ടിക്ക് നൽകണമെന്ന് ഒരു പറ്റം ആളുകൾ അഭിപ്രായപെട്ടിരുന്നു. എന്നാൽ അവാർഡ് ഒരാൾക്ക് മാത്രമാണ് കിട്ടുകയുള്ളു എന്ന ദേവനന്ദയുടെ പ്രതികരണം ചർച്ചകൾക്ക് വിരാമമിട്ടു. ദേവനന്ദയെക്കുറിച്ചും അവാർഡ് പ്രഖ്യാപനത്തെപ്പറ്റിയും സംസാരിക്കുകയാണ് തന്മയ.
ദേവനന്ദ നൽകിയത് പക്വതയുള്ള മറുപടിയാണെന്ന് തന്മയ പറഞ്ഞു. ദേവ നന്ദയെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും അവാർഡ് പ്രഖ്യാപനത്തിൽ എതിർ അഭിപ്രായങ്ങൾ വന്നപ്പോൾ ഹേറ്റേഴ്‌സ് ഉണ്ടെന്ന് അറിഞ്ഞത് സന്തോഷമുണ്ടാക്കിയെന്നും തന്മയ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തന്മയ.
‘അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. ദേവനന്ദയെ എനിക്ക് ഒത്തിരിയിഷ്ടമാണ്. നല്ല രസമാണല്ലോ. ഒരിക്കൽ കാണാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. സിനിമയൊക്കെ ഞാൻ കണ്ടിട്ടുണ്ട്.
എനിക്ക് ഹേറ്റേഴ്‌സ് ഉണ്ടെന്ന് കേട്ടിട്ട് ചെറിയ സന്തോഷം ഒക്കെ തോന്നി. ഇതിനുമുൻപ് ഹേറ്റേഴ്‌സ് ഉണ്ടായിട്ടില്ല. പെട്ടെന്ന് ഇങ്ങനെ കേട്ടപ്പോൾ സന്തോഷം തോന്നി. എല്ലാവരും നല്ലത് മാത്രം പറഞ്ഞാൽ പോരല്ലോ.
വിമർശനങ്ങളോടുള്ള ദേവനന്ദയുടെ മറുപടി വളരെ പക്വതയുള്ളതായി തോന്നി. എനിക്ക് ഒത്തിരി ഇഷ്ടമാണ് ആ കുട്ടിയെ. ഒരു നിഷ്കളങ്കയായ കുട്ടിയാണെന്ന് പറയാം. നേരിട്ട് കണ്ടാൽ ബെസ്റ്റ് വിഷസ് പറയണം. മാളികപ്പുറത്തിലായാലും നല്ല പ്രകടനം ആയിരുന്നു. നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട്,’ തന്മയ പറഞ്ഞു.
ടൊവിനോയെ നായകനാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയക്ക് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. കനി കുസൃതി, സുദേവ് നായർ, അസീസ് നെടുമങ്ങാട്, വിശ്വജിത്, ബൈജു നേറ്റോ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.