മുബൈ: നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത നഗരസഭയുടെ നടപടി തടഞ്ഞ് ബോംബൈ ഹൈക്കോടതി. കേസിലെ പ്രധാന പ്രതിയായ ഫാഹിം ഖാന്റെ വീട് നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍.എം.സി) പൊളിച്ചുമാറ്റിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീടുകള്‍ പൊളിക്കുന്നത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
നാഗ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഫാഹിം ഖാന്റെ വീട് അനധികൃത കയ്യേറ്റം ആരോപിച്ച് മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റുകയായിരുന്നു. അന്ന് തന്നെ കേസിലെ മറ്റൊരു പ്രതിയായ യൂസഫ് ഷെയ്ക്കിന്റെ വീട്ടില്‍ അനധികൃതമായി നിര്‍മിച്ച ഒരു മുറിയും രണ്ട് ബാല്‍ക്കണികളും പൊളിച്ചുമാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
അതേസമയം അനധികൃത പൊളിക്കലില്‍ നിന്ന് സ്വത്തുക്കള്‍ സംരക്ഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ അശ്വിന്‍ ഇംഗോള്‍ മഹാരാഷ്ട്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുനിസിപ്പല്‍ കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണോ വീട് ബുള്‍ഡോസ് ചെയ്തതെന്ന് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ കേട്ടശേഷം ഏപ്രില്‍ 15 ന് കോടതി തീരുമാനിക്കും.
ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതിയായ ഫാഹിം ഖാന്റെ വീടിന്റെ പ്ലാനിന് നഗരസഭയുടെ അനുമതിയില്ലെന്ന് കാണിച്ചാണ് അധികൃതര്‍ പൊളിച്ചുമാറ്റിയത്.
വിശുദ്ധ ഗ്രന്ഥം അവഹേളിക്കപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മാര്‍ച്ച് 17 ന് നാഗ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നഗര നേതാവായ ഫാഹിം ഖാനെ മാര്‍ച്ച് 19 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കലാപത്തിന് ശേഷം, മാര്‍ച്ച് 20ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫാഹീം ഖാന്റെ വീട് മഹാരാഷ്ട്ര റീജിയണല്‍ ആന്‍ഡ് ടൗണ്‍ പ്ലാന്‍ ആക്ട് ലംഘിച്ച് നിര്‍മിച്ചതാണെന്ന് അധികൃതര്‍ കണ്ടെത്തി. ഇതോടെ ഫാഹിം ഖാന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 86.48 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വീടിന്റെ ഒരു ഭാഗം അധികൃതര്‍ പൊളിച്ചു നീക്കി.
കൈയേറ്റം ആരോപിച്ചാണ് വീടിന്റെ ഒരു ഭാഗം ഇടിച്ച് നിരത്തിയത്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സജ്ജമാക്കിയിരുന്നത്. ഫഹീം ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ചാണ് ഫാഹിം ഖാനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനുപുറമെ നാഗ്പൂരിലെ സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അവ വില്‍ക്കുമെന്നും ഫഡ്‌നാവിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlight: Nagpur violence: High Court stays bulldozing of accused’s house