ആദിദ്രാവിഡ പാരിസ്ഥിതിക ദര്‍ശനങ്ങളും ജാതി-മത ചിന്തയുടെ അടിവേരും തേടുന്ന തങ്കലാന്‍
movie review
ആദിദ്രാവിഡ പാരിസ്ഥിതിക ദര്‍ശനങ്ങളും ജാതി-മത ചിന്തയുടെ അടിവേരും തേടുന്ന തങ്കലാന്‍
ലിജിഷ എ.ടി
Tuesday, 20th August 2024, 12:28 pm
വൈദേശികരില്‍ നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് മോചനം ലഭിച്ചെങ്കിലും ബ്രാഹ്മണിസത്തിനോടുള്ള അടിമത്തത്തില്‍ നിന്നും ജാതീയ ഉച്ചനീചത്വങ്ങളില്‍ നിന്നും ഇനിയും മോചനം നേടാനായില്ലെന്ന യഥാര്‍ഥ്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതിനുള്ള ആഹ്വാനം കൂടി സിനിമയില്‍ ഇഴ ചേര്‍ന്നു കിടക്കുന്നുണ്ട്. കീഴാളജനതയുടെ ഐക്യപ്പെടലിലൂടെ സ്വാതന്ത്ര്യബോധമെന്ന സ്വര്‍ണഖനി കണ്ടെത്താനുള്ള ഊര്‍ജമാണ് തങ്കലാന്‍ സമ്മാനിക്കുന്നത്.

അപ്പൊകാലിപ്‌റ്റൊ പോലെ ഒരു ഇന്ത്യന്‍ സിനിമ, അതാണ് തങ്കലാന്‍ കണ്ടപ്പോള്‍ ആദ്യം തോന്നിയത്. ഇന്ത്യന്‍ തദ്ദേശ സംസ്‌കാരങ്ങളില്‍ ഉള്ളടങ്ങിയ പാരിസ്ഥിതിക ദര്‍ശനങ്ങള്‍ക്കും സാമൂഹ്യബോധ്യങ്ങള്‍ക്കും ബ്രാഹ്മണ-ബ്രിട്ടീഷ് അധിനിവേശങ്ങള്‍ക്കിടയില്‍ സംഭവിച്ച മാറ്റങ്ങളാണ് തങ്കലാന്‍ എന്ന സിനിമ അനാവരണം ചെയ്യുന്നത്.

ശക്തിസം, ശൈവിസം, ബുദ്ധിസം, വൈഷ്ണവം തുടങ്ങിയ പ്രാചീനമതവിശ്വാസങ്ങളില്‍ നിന്ന് ബ്രാഹ്മണിസത്തിലേയ്ക്കും കൊളോണിയലിസത്തിലേയ്ക്കും ആധുനികതയിലേക്കുമുള്ള ഇന്ത്യന്‍ തദ്ദേശീയ ജനങ്ങളുടെ പ്രയാണത്തെ പ്രതീകാത്മകമായി ദൃശ്യാവിഷ്‌കരിച്ചിരിക്കുകയാണ് പാ രഞ്ജിത്ത് എന്ന സൂഴക്കാരന്‍.

PA Ranjith

പാ രഞ്ജിത്

ചരിത്രവും മിത്തും പ്രതീകാത്മകതയും ഇഴുകിച്ചേര്‍ന്ന് അനേകാര്‍ഥ വായനയുടെയും സര്‍ഗാത്മക സൗന്ദര്യത്തിന്റെയും മായാപ്രപഞ്ചം സൃഷ്ടിച്ചിരിക്കുകയാണ് തങ്കലാനില്‍. ഓരോ കഥാപാത്രവും ദക്ഷിണേന്ത്യന്‍ ചരിത്രത്തിലെ ഓരോ ദര്‍ശനങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജാതിവേരുകള്‍ തേടിയുള്ള യാത്ര ഉള്ളി തൊലിക്കുന്നതു പോലെ നിഷ്പ്രയോജനമാണെന്ന നഗ്‌നസത്യം സിനിമയുടെ അന്തരാളക്കാഴ്ചയില്‍ വ്യക്തമാകുന്നുണ്ട്.

ഇഴുകിയും ഇണചേര്‍ന്നും കലഹിച്ചും കലാപപ്പെട്ടുമാണ് നാം നമ്മളായതെന്ന ഉള്‍ക്കാഴ്ചയാണ് തങ്കലാന്‍ എന്ന സിനിമയുടെ ആത്മാനുഭുതി.

ശക്തിസം/പ്രകൃത്യാരാധന

മൃഗാരാധന, പൂര്‍വികാരാധന, പ്രകൃത്യാരാധന, മാന്ത്രിക-താന്ത്രികവിദ്യകള്‍ എന്നിങ്ങനെയുള്ള ആത്മീയാന്വേഷണങ്ങളില്‍ നിന്നാണ് ശക്തിസത്തിലേക്ക് എത്തിച്ചേരുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ശക്തിമതം രൂപം കൊണ്ടത്.

ഒന്നാം നൂറ്റാണ്ടു മുതലാണ് ഇത് ഒരു പ്രത്യേക പാരമ്പര്യമായി ഔപചാരികമായി അംഗീകരിക്കപ്പെട്ടതെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചരിത്രാതീത ദേവതാരാധനയില്‍ നിന്ന് അതിന്റെ വേരുകള്‍ കണ്ടെത്താനാകും.

സൈന്ധവസംസ്‌കാരത്തിന്റെ ശേഷിപ്പുകളില്‍ നിന്ന് നിരവധി അമ്മദൈവരൂപങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സ്ത്രീക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ദൈവസങ്കല്പങ്ങളായാണ് ഇതിനെ കണക്കാക്കുന്നത്.

ശക്തിപൂജക്ക് വര്‍ണ്ണമോ ജാതിയോ ലിംഗഭേദമോ ബാധകമല്ലാത്തതിനാല്‍ എല്ലാ വിഭാഗങ്ങളുടെയും ആരാധനാരീതിയായിട്ടാണ് ശാക്തേയത്തെ കാണുന്നത്. തങ്കലാന്‍ സിനിമയില്‍ മാളവിക മോഹന്‍ ആടിത്തിമിര്‍ത്ത ആരതി എന്ന സൂഴക്കാരി ഈ പ്രപഞ്ചശക്തിയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

malavika in thanglan

തങ്കലാനില്‍ ആരതിയായി മാളവിക

ആരതി എന്ന സൂഴക്കാരി

ആരതി എന്ന പദത്തിന് തമിഴില്‍ വെളിച്ചം, സ്‌നേഹം, ശബ്ദം, ശക്തി, ദേവത എന്നിങ്ങനെ നിരവധി അര്‍ഥങ്ങളുണ്ട്. ആരത്തില്‍ നിന്നാണല്ലൊ തീയുണ്ടാകുന്നത്. ഘര്‍ഷണശബ്ദത്തെയാണ് (ഉരസല്‍) ആരല്‍, ആരം എന്നിങ്ങനെ സൂചിപ്പിക്കുന്നത്.

സിനിമയിലെ അതീന്ദ്രിയ ദേവതയ്ക്ക് പ്രപഞ്ചത്തിന്റെ ശബ്ദവും വെളിച്ചവും എന്ന അര്‍ഥത്തില്‍ ആരതി എന്ന പേരിട്ട സര്‍ഗാത്മക സൗന്ദര്യത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല. ആരതി പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അതിശക്തമായ ശബ്ദം ദിഗന്തങ്ങളെ നടുക്കുന്നുണ്ട്. സ്വര്‍ണഖനികള്‍ക്ക് കാവല്‍ നില്‍ക്കുന്ന നാഗ ഗോത്രത്തിന്റെ സംരക്ഷക കൂടിയാണവള്‍.

നാഗ ഗോത്രം

ദ്രാവിഡ സംസ്‌കാരത്തിന്റെ ആദ്യകാല രൂപങ്ങളിലൊന്നായിട്ടാണ് നാഗ ഗോത്രത്തെ കാണുന്നത്. ഹൈന്ദവ- ബുദ്ധപുരാണങ്ങളിലെല്ലാം നാഗ ഗോത്രത്തെ അതീന്ദ്രിയ ജ്ഞാനമുള്ളവരായി കണക്കാക്കുന്നുണ്ട്. നാഗങ്ങളെ ആരാധിക്കുന്നവരാണവര്‍.

സ്വര്‍ണഖനികളുടെയും ജലാശയങ്ങളുടെയും സമൃദ്ധിയുടെയും സംരക്ഷകരായി കരുതിയാണ് നാഗങ്ങളെ ഈ ഗോത്രവിശ്വാസപ്രകാരം ആരാധിക്കുന്നത്. ഈ വിഭാഗം പല വിധത്തില്‍ ചിന്നിച്ചിതറിപ്പോയെങ്കിലും നാഗാരാധനയെന്ന സങ്കല്‍പവും നാഗപഞ്ചമി പോലുള്ള ഉല്‍സവങ്ങളും പല സഗോത്രവിഭാഗങ്ങളും ഇന്നും പിന്തുടരുന്നുണ്ട്.

പരവതര്‍, പറയര്‍, ഇരുളര്‍, നായര്‍, കുറുമ്പര്‍, ഈഴവര്‍ എന്നിങ്ങനെയുള്ള ഭൂരിഭാഗം ജനവിഭാഗങ്ങളും നാഗ ഗോത്രത്തിന്റെ പിന്‍മുറക്കാരാണെന്നാണ് എച്ച് പാര്‍ക്കറിനെപ്പോലുള്ള ചരിത്രകാര്‍ രേഖപ്പെടുത്തുന്നത്.

സംഘകാല മഹാകാവ്യങ്ങളായ ചിലപ്പതികാരത്തിലും മണിമേഖലയിലും നാഗ രാജ്യത്തെക്കുറിച്ചും ചോള-നാഗ വൈവാഹിക ബന്ധങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണവും നാഗര്‍കോവിലുമെല്ലാം ഈ ബന്ധത്തിന്റെ മായാമുദ്രകളാണല്ലൊ.

ശ്രീലങ്കയിലെ 4 തദ്ദേശീയ വംശങ്ങളായ യക്ഷ, നാഗ, ദേവ, രക്ഷ എന്നിവരെക്കുറിച്ചു മഹാവംശത്തിലും സൂചിപ്പിക്കുന്നുണ്ട്. പൊതുവെ ബുദ്ധമതവുമായി അടുത്ത ബന്ധമാണ് നാഗ ഗോത്രത്തിനുണ്ടായിരുന്നതെന്ന് ചരിത്രരേഖകളും പുരാണങ്ങളും വ്യക്തമാക്കുന്നു.

വജ്രായന ബുദ്ധിസത്തില്‍ ധര്‍മരക്ഷകരാണ് നാഗങ്ങള്‍.

ആദിദ്രാവിഡ സംസ്‌കാരത്തിന്റെ മുഖമുദ്രയായിരുന്നു പ്രകൃതിവിഭവങ്ങളുടെ സൂക്ഷ്മവിനിയോഗവും സംരക്ഷണവും എന്ന ഓര്‍മപ്പെടുത്തലാണ് നാഗ ഗോത്ര പരാമര്‍ശത്തിലൂടെ സിനിമ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

നാഗ രക്ഷകയായ ആരതി കാവല്‍ നില്‍ക്കുന്ന സ്വര്‍ണഖനികള്‍ കണ്ടെത്തണമെങ്കില്‍ ബുദ്ധവിഗ്രഹത്തിന്റെ ശിരസ് ഛേദിക്കുകയും നാഗങ്ങളെ കൊല്ലുകയും ആരതിയുടെ ഉദരം പിളര്‍ന്ന് രക്തം ചിന്തുകയും വേണം.

പ്രപഞ്ചത്തെ പെണ്ണായി സങ്കല്‍പിക്കുന്ന പാരിസ്ഥിതിക ഫെമിനിസത്തിന്റെ സാരാംശങ്ങളും ഈ മിത്തില്‍ നിന്ന് കണ്ടെടുക്കാം. അതോടൊപ്പം, ബ്രാഹ്മണാധിപത്യ- കോളോണിയല്‍കാല ഇന്ത്യയിലെ ബുദ്ധമത- കീഴാള വേട്ടയുടെയും വിഭവചൂഷണത്തിന്റെയും നേര്‍ച്ചിത്രമായും കാണാവുന്നതാണ്.

ആരന്‍

chiyan vikram in thangalan

തങ്കലാനില്‍ ചിയാന്‍ വിക്രം

അഭിനയകുലപതിയായ ചിയാന്‍ വിക്രം സിനിമയില്‍ 5 കഥാപാത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. തങ്കലാന്‍ മുനി, കാടയ്യന്‍, നാഗമുനി, ആദിമുനി, ആരന്‍ എന്നിങ്ങനെ 5 പൂര്‍വികരെയാണ് വിക്രം പ്രതിനിധാനം ചെയ്യുന്നത്.

ഗോത്രരാജാവായിരുന്ന കാലത്ത് ആരനും ആരതിയും മരണം വരെ ഭൂമിയും പൊന്നും സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പില്‍ക്കാല ജന്‍മങ്ങളില്‍ അധികാരവും ധനവും മോഹിച്ചെത്തിയവരാല്‍ ആരന്‍ വഞ്ചിക്കപ്പെട്ടു.

തടയാന്‍ ശ്രമിച്ച ആരതിയെ ഓരോ ജന്‍മത്തിലും ആരന്‍ ആളറിയാതെ കൊന്നു. ഓരോ ജന്‍മങ്ങളിലും ആരന്‍ പ്രകൃതിയില്‍ നിന്ന് അകന്നു പോകുകയും ജാതീയ അസ്പര്‍ശ്യത അനുഭവിക്കുകയും അധികാരത്തിന്റെ അടിമയാവുകയും ചെയ്തു.

കാടയ്യന്‍

തങ്കലാന്‍ മുനിയുടെ മുതുമുത്തച്ഛനാണ് കാടയ്യന്‍. ഒരു കാലത്ത് ഭൂമി സ്വന്തമായുണ്ടായിരുന്ന കാടയ്യന്റെ പൂര്‍വികര്‍ക്ക് ഭൂമി നഷ്ടപ്പെട്ടത് പുതിയ രാജാക്കന്‍മാരുടെ വരവോടെയാണ്. ഗോത്രഭൂമികള്‍ പിടിച്ചെടുത്ത് രാജാക്കന്‍മാര്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയെന്ന് കാടയ്യന്‍ ആക്രോശിക്കുന്നുണ്ട്.

പൊന്നാറില്‍ നിന്ന് പൊന്നരിച്ചു ജീവിച്ചു കൊണ്ടിരിക്കെയാണ് ചോളരാജാവ് കാടയ്യനെ കണ്ടുമുട്ടുന്നതും പൊന്നെടുക്കാന്‍ സഹായം തേടുന്നതും. ചോളരാജാവിന്റെ കൂടെയുണ്ടായിരുന്ന ബ്രഹ്മണ പുരോഹിതനാണ് പൊന്‍പാറകളെക്കുറിച്ച് സൂചിപ്പിക്കുന്നത്.

ഗോത്രമിത്തുകളില്‍ നിന്ന് അയാള്‍ ആരതിയുടെ നാഗഗോത്രം കാവല്‍ നില്‍ക്കുന്ന പൊന്‍പാറകളെക്കുറിച്ചറിഞ്ഞിരുന്നുവെന്നര്‍ഥം. അതെടുക്കാന്‍ പാടില്ലെന്നും നദിയില്‍ നിന്ന് അരിച്ചെടുക്കുന്ന പൊന്ന് മാത്രമാണ് അര്‍ഹതപ്പെട്ടതെന്നും കാടയ്യന്‍ പറയുമ്പോള്‍ ബ്രാഹ്മണ പുരോഹിതനാണ് ചോളരാജാവിനെ പൊന്‍പാറയില്‍ നിന്ന് പൊന്നെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. കാടയ്യന്‍ രാജാവിനെ വഴിതെറ്റിക്കുകയാണെന്നും ധരിപ്പിക്കുന്നുണ്ട്.

അക്കാലമായപ്പോഴേയ്ക്കും തദ്ദേശീയ രാജാക്കന്‍മാര്‍ക്കിടയില്‍ ആധിപത്യമുറപ്പിക്കാന്‍ ബ്രാഹ്മണ്യത്തിന് സാധിച്ചുവെന്ന സൂചനയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്.

തൃഷ്ണയെ ത്യജിച്ച് ഉള്ളതില്‍ തൃപ്തി കണ്ടെത്താന്‍ അനുശാസിക്കുന്ന ബുദ്ധചിന്തകള്‍ക്കു പകരം ബ്രാഹ്മണപുരോഹിതന്റെ ഉപദേശത്തിലും പൊന്നിലും ചോളരാജാവ് ഭ്രമിച്ചു കഴിഞ്ഞിരുന്നു. പൂര്‍വികര്‍ക്കു നഷ്ടപ്പെട്ട ഭൂമി രാജാവ് പകരം തരുമെന്ന അരചന്റെ പ്രലോഭനത്തില്‍ മയങ്ങി, കാടയ്യന്‍ ആരതിയുടെ മുന്നറിയിപ്പുകള്‍ വക വെയ്ക്കാതെ പൊന്‍പാറയില്‍ നിന്ന് പൊന്നെടുക്കാന്‍ ശ്രമിക്കുന്നു.

ആരതി പലതരം പ്രതിബന്ധങ്ങള്‍ തീര്‍ത്ത് കാടയ്യനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാടയ്യന്‍ ഒടുവില്‍ ആരതിയുടെ ഉദരം പിളര്‍ന്ന് മണ്ണില്‍ ചോര വീഴ്ത്തി പൊന്‍പാറയില്‍ നിന്ന് പൊന്നെടുക്കാന്‍ അരചനെ സഹായിക്കുന്നു.

കാടയ്യന് ഭൂമി തിരിച്ചു കിട്ടിയെങ്കിലും അവനും അവന്റെ തലമുറയ്ക്കും അവകാശപ്പെട്ടിരുന്ന വലിയ ധനശേഖരം അവനു നഷ്ടമായെന്നും അവന്റെ സാമൂഹ്യപദവിയില്‍ വലിയ മാറ്റം സംഭവിച്ചില്ലെന്ന സൂചനയും കാടയ്യന്റെ കഥയിലുണ്ട്.

തദ്ദേശീയ ജനതയുടെ സാമൂഹ്യ പദവിയും സാംസ്‌കാരിക സമ്പത്തും ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ട കാലഘട്ടം കൂടിയായിരുന്നുവത്. നാട്ടരചന്‍മാര്‍ക്കു മേല്‍ ബൌദ്ധികമായ മേല്‍ക്കൈ നേടിയ ബ്രാഹ്മണര്‍ ആരാധനാലയങ്ങളും സമൂഹത്തിലെ ഉന്നതപദവികളും കയ്യടക്കി.

സംഘാനന്തര കാലഘട്ടത്തില്‍ പല്ലവ, ചോള രാജവംശങ്ങളുടെ ഉദയത്തോടെ ബ്രാഹ്മണ്യത്തിന് ദക്ഷിണേന്ത്യയില്‍ വലിയ മേല്‍ക്കൈ നേടാനായിട്ടുണ്ടായിരുന്നു.

ഒരു കാലത്ത് ബുദ്ധമത സ്വാധീനവും തദ്ദേശീയാരാധനയും ശൈവ-വൈഷ്ണവാരാധനയും സഹവര്‍ത്തിത്വത്തോടെ നില നിര്‍ത്തിയിരുന്ന രാജവംശങ്ങള്‍ പില്‍ക്കാലത്ത് ബ്രാഹ്മണ്യത്തിന്റെ ഉറച്ച രക്ഷാധികാരികളായിത്തീര്‍ന്നു എന്ന ചരിത്ര സൂചനയാണ് കാടയ്യനിലൂടെയും ചോളരാജാവിലൂടെയും സിനിമ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

തങ്കലാന്‍ മുനി

കാടയ്യന്റെ, ബ്രിട്ടീഷ് ഭരണകാലത്ത് ജീവിക്കുന്ന പിന്‍മുറക്കാരനാണ് തങ്കലാന്‍ മുനി. സ്വര്‍ണത്തിന്റെ മകന്‍ എന്നാണ് തങ്കലാന്‍ എന്ന പദത്തിന്റെ അര്‍ഥം. കാടയ്യന്റെ കാലത്ത് രാജാക്കന്‍മാരാണ് ഗോത്രഭൂമി കയ്യടക്കിയതെങ്കില്‍, ബ്രിട്ടീഷ് ഭരണകാലത്ത് സമീന്ദാരികളുടെ ചതിപ്രയോഗങ്ങളിലൂടെയാണ് തങ്കലാന് ഭൂമി നഷ്ടപ്പെടുന്നത്.

എല്ലു മുറിയെ പണിയെടുത്തിട്ടും അടിമകളായി ജീവിക്കാന്‍ വിധിക്കപ്പെട്ട സാമൂഹ്യഘടനയോട് പോരാടുകയാണ് തങ്കലാന്‍. സ്വര്‍ണഖനി കണ്ടെത്തിയ പൂര്‍വികരുടെ ഓര്‍മ തങ്കലാനില്‍ സദാ നിറയുന്നുണ്ട്.

അടിമത്തത്തില്‍ നിന്നുള്ള മോചനം വാഗ്ദാനം ചെയ്തുകൊണ്ട് ലോഡ് ക്ലമന്റ് എത്തുമ്പോള്‍ തങ്കലാന്‍ സ്വര്‍ണവേട്ടയ്ക്കിറങ്ങുന്നത് അസ്പര്‍ശ്യതയില്‍ നിന്നും അടിമത്തത്തില്‍ നിന്നുമുള്ള മോചനം പ്രതീക്ഷിച്ചുകൊണ്ടാണ്.

ശൈവമതപ്രകാരം ആദിമുനിയായി കരുതുന്നത് ശിവനെയാണ്. ശിവസൂചകമായ ഭസ്മം, രുദ്രാക്ഷം, ജഡ പിടിച്ച മുടി, വേഷം എന്നിവ തങ്കലാന്‍ മുനിയുടെ പൂര്‍വികരില്‍ കാണപ്പെടുന്നുണ്ട്. തങ്കലാന്‍ മുനിയുടെ ജീവിതപങ്കാളിയുടെ പേര് ഗംഗമ്മയാണെന്നതും ഈ സൂചനയെ ബലപ്പെടുത്തുന്നു.

parvathy and vikram in thangalan

തങ്കലാനും കുടുംബവും

ഗൃഹസ്ഥനും അഞ്ചു കുട്ടികളുടെ പിതാവുമായ (സൃഷ്ടി), തങ്കലാനില്‍ സംഹാരം, സന്തുലനം എന്നീ ഗുണങ്ങളും കാണപ്പെടുന്നു. ശിവന്റെ സന്തതസഹചാരിയായിട്ടാണല്ലൊ നാഗങ്ങളെ കരുതിയിരുന്നത്. ശൈവരും നാഗരും തമ്മിലുള്ള സൌഹാര്‍ദ സൂചകമായിരിക്കാം ഇതിലൂടെ ഉദ്ദേശിക്കുന്നത്. മേലാകെ ഭസ്മം പുരട്ടുന്നത് നാഗരുടെയും ആചാരമായിരുന്നു. നാഗരെ തങ്കലാന്‍ മുനിയുടെ പിന്‍മുറക്കാര്‍ കീഴടക്കുന്നത് ശരീരത്തില്‍ ഭസ്മം പുരട്ടിയാണ്.

ഗംഗുപട്ടര്‍

തങ്കലാന്‍ മുനിയോടൊപ്പം പൊന്നെടുക്കാന്‍ പോകുന്നവരുടെ കൂട്ടത്തിലുള്ള വൈഷ്ണവനാണ് ഗംഗുപ്പട്ടര്‍. ശ്രീരാമാനുജന്റെ ശിഷ്യനായ ഗംഗുപ്പട്ടര്‍ ഗോത്രജനതയ്ക്ക് വൈഷ്ണവാരാധന പകരാന്‍ ശ്രമിക്കുന്നുണ്ട്.

pasupathi as gangupattar in thangalan

തങ്കലാനില്‍ ഗംഗുപട്ടരായി അഭിനയിച്ച പശുപതി

അസ്പര്‍ശ്യജനതയായി കരുതുന്ന ഗോത്രവിഭാഗങ്ങളെ വൈഷ്ണവരാക്കുന്നതിലൂടെ ജാതീയ ഉച്ചനീചത്വം അവസാനിപ്പിക്കാമെന്നാണ് ഗംഗുപ്പട്ടര്‍ കരുതുന്നത്. ശ്രീരാമാനുജാചാര്യരുടെ ശ്രീവൈഷ്ണവത്തിന്റെ ലക്ഷ്യം ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും അതാത് വര്‍ണ്ണത്തില്‍ തുടരുമ്പോള്‍ത്തന്നെ അവര്‍ക്കിടയിലെ ഉച്ചനീചത്വം തീര്‍ത്തും ഇല്ലാതാക്കുക എന്നതായിരുന്നല്ലൊ.

അബ്രാഹ്മണ ശ്രീവൈഷ്ണവരെ സാത്വതര്‍, ഭാഗവത ശ്രീവൈഷ്ണവര്‍ എന്നിങ്ങനെയാണ് വിളിക്കുന്നത്. എന്നാല്‍ അബ്രാഹ്മണര്‍ വൈഷ്ണവമതം സ്വീകരിച്ചാലും അസ്പര്‍ശ്യത മാറുന്നില്ലെന്ന നഗ്‌നസത്യം ഗംഗുപ്പട്ടര്‍ എന്ന അബ്രാഹ്മണ വൈഷ്ണവ കഥാപാത്രത്തിലൂടെ സിനിമ വെളിപ്പെടുത്തുന്നു.

തങ്കലാന്‍ മുനിയും ഗംഗുപ്പട്ടരും തമ്മിലുള്ള ആശയതര്‍ക്കങ്ങള്‍ക്ക് വേണമെങ്കില്‍ വൈഷ്ണവ-ശൈവമത തര്‍ക്കങ്ങളുടെ സാമ്യത കല്‍പ്പിക്കാവുന്നതാണ്. വൈഷ്ണവ-ശൈവമതങ്ങള്‍ പ്രബലമായതോടെ ബുദ്ധമതത്തിന് ക്ഷയം സംഭവിക്കുകയും ചെയ്തു.

ബ്രാഹ്മണാധിപത്യത്തോടെ ദക്ഷിണേന്ത്യയില്‍ ബുദ്ധമതം നാമാവശേഷമാകുകയും ചെയ്തു.

ഗംഗമ്മ

മിത്തും ചരിത്രവും കൂട്ടിയിണക്കിയുള്ള ഈ ദൃശ്യാവിഷ്‌കാരത്തില്‍ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. ഗംഗമ്മയായുള്ള പാര്‍വതിയുടെ രൂപാന്തരണം അതിഗംഭീരം തന്നെയായിരുന്നു. നടപ്പിലും എടുപ്പിലും സംസാരത്തിലും വ്യാക്ഷേപകങ്ങളില്‍പ്പോലും ഗംഗമ്മയായി മാറി.

parvathi as gagamma in thangalan

തങ്കലാനില്‍ ഗംഗമ്മയായി പാര്‍വതി

ആരതി തന്റെ ഭര്‍ത്താവിന്റെ രഹസ്യക്കാരിയാണൊ എന്ന് ഗംഗമ്മ സംശയിക്കുന്നുണ്ട്. തങ്കലാന്‍ മുനിയുടെ പൂര്‍വ പാതി ആരതിയായതിനാല്‍ ഗംഗമ്മയുടെ സംശയത്തില്‍ കഴമ്പുണ്ട് താനും. രഹസ്യക്കാരി എന്ന അര്‍ഥത്തിലല്ല, ശൈവികാംശം തങ്കലാന്‍ മുനിയില്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കില്‍ ഗംഗയും പാര്‍വതിയുമെന്ന സമസ്യ പൂരിതമാകുന്നുണ്ടെന്നാണ് ഇതിനര്‍ഥം. ആരതി തങ്കലാന്‍ മുനിയില്‍ ഉള്ളടങ്ങിയ ചൈതന്യമാണ്. അര്‍ദ്ധനാരീശ്വര സങ്കല്‍പമാണ്.

തെറ്റു തിരുത്തലിന്റെ ചരിത്രം

സിനിമയിലെ ഏറ്റവും ആകര്‍ഷകമായ കഥാപാത്രം മാളവിക മോഹന്‍ ഉജ്വലമാക്കിയ ആരതി തന്നെയാണ്. മണ്ണിലാണ് പൊന്നു വിളയുന്നതെന്നും അതാണ് ശാശ്വതമെന്നും ആരതി ഉപദേശിക്കുന്നുണ്ട്. തനിത്തങ്കം നിന്നെ കൊല്ലുമെന്നാണ് ആരതി മുന്നറിയിപ്പ് നല്‍കുന്നത്.

മനുഷ്യരുടെ അത്യാര്‍ത്തിയുടെ ഫലം സര്‍വനാശമാണെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ആല്‍ക്കമിസ്റ്റ് അടക്കമുള്ള കൃതികളിലും തദ്ദേശീയ മിത്തുകളിലും പ്രകൃതിവിഭവ വിനിയോഗത്തെക്കുറിച്ചുള്ള ഇത്തരം ദര്‍ശനങ്ങള്‍ കണ്ടെടുക്കാവുന്നതാണ്.

thangalan and family

തങ്കലാനും കുടുംബവും

തങ്കലാന്‍ മുനിയുടെ മകനായി അഭിനയിച്ച അര്‍ജുന്‍ അന്‍പുടന്‍, അരസനിയായ പ്രീതി കരണ്‍, ലോഡ് ക്ലമന്റായ ഡാനിയേല്‍ കാള്‍ട്ടജിറോണ്‍, ഗംഗുപട്ടരായ പശുപതി തുടങ്ങിയവരും അവരവരുടെ വേഷം അതിഗംഭീരമാക്കിയിട്ടുണ്ട്.

ഭിന്നിപ്പിച്ച് ഭരിച്ചാണ് വൈദേശികര്‍ തദ്ദേശീയ സമ്പത്ത് കയ്യടക്കിയതെങ്കില്‍ തദ്ദേശീയ സംസ്‌കാരങ്ങളെ അപ്പാടെ വിഴുങ്ങിയാണ് ബ്രാഹ്മണിസം ഇന്ത്യയില്‍ വേരുറച്ചത്.

വൈദേശികരില്‍ നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് മോചനം ലഭിച്ചെങ്കിലും ബ്രാഹ്മണിസത്തിനോടുള്ള അടിമത്തത്തില്‍ നിന്നും ജാതീയ ഉച്ചനീചത്വങ്ങളില്‍ നിന്നും ഇനിയും മോചനം നേടാനായില്ലെന്ന യഥാര്‍ഥ്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതിനുള്ള ആഹ്വാനം കൂടി സിനിമയില്‍ ഇഴ ചേര്‍ന്നു കിടക്കുന്നുണ്ട്.

കീഴാളജനതയുടെ ഐക്യപ്പെടലിലൂടെ സ്വാതന്ത്ര്യബോധമെന്ന സ്വര്‍ണഖനി കണ്ടെത്താനുള്ള ഊര്‍ജമാണ് തങ്കലാന്‍ സമ്മാനിക്കുന്നത്.

content highlights: Thangalan Review; Based on Environment, Caste, Slavery, Brahminism and British Colonization

ലിജിഷ എ.ടി
കിര്‍താഡ്‌സിലെ ലിംഗ്വിസ്റ്റിക്‌സ് റിസേര്‍ച്ച് അസിസ്റ്റന്റ്