കണ്ണൂര്‍: വിഴിഞ്ഞം പോലുള്ള ന്യായമായ സമരത്തെ ക്രൈസ്തവ സമരമെന്നും സഭാ സമരമെന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസം ഉണ്ട്. സമരത്തെ മനസിലാക്കാനും സമരത്തിന് പിന്നില്‍ ഏതെങ്കിലും സാമൂഹ്യ വിരുദ്ധര്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയാനും മുഖ്യമന്ത്രിക്കും പൊലീസിനും കഴിയും. സമരക്കാരെ അധികാരികള്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാര്‍ഥ പ്രശ്‌നം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഫാദര്‍ തിയോഡോഷ്യസിന്റെ വര്‍ഗീയ പരാമര്‍ശത്തെ തള്ളിയ തലശ്ശേരി ആര്‍ച്ച് ബിഷപ്പ്, ഇത്തരം പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും ഓര്‍മിപ്പിച്ചു.
‘സമരക്കാരുടെ ആവശ്യം തികച്ചും ന്യായം ആണ്. പുനരധിവാസ പാക്കേജ് നാളിതുവരെ നടപ്പായില്ല. വിഴിഞ്ഞം പോര്‍ട്ട് ഒഴിവാക്കുക എന്നത് ഈ സാഹചര്യത്തില്‍ പ്രായോഗികമാണെന്ന് കരുതുന്നില്ല. രാജ്യവിരുദ്ധമായ ലക്ഷ്യം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ സര്‍ക്കാര്‍ തന്നെ അക്കാര്യം ശരിയായി അന്വേഷിക്കുകയാണ് വേണ്ടത്.
പുനരധിവാസ പാക്കേജ് നടപ്പാക്കാതെ തുറമുഖം തുറന്നാല്‍ ഒരു കാലത്തും പുനരധിവാസം നടക്കില്ല. ജനകീയ സമരത്തെ ലത്തീന്‍ സഭയുടെ സമരം ക്രിസ്ത്യാനികളുടെ സമരം എന്നൊക്കെ ബ്രാന്‍ഡ് ചെയ്യുന്നത് കേരളത്തിന് ചേര്‍ന്നതല്ല.
ലത്തീന്‍ സഭയുടെ സമരത്തെ മറ്റ് സഭകളെല്ലാം അനുകൂലിക്കുന്നുണ്ട്. സഭകള്‍ തമ്മില്‍ അകല്‍ച്ചയും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് സമരത്തെ ദുര്‍ബലമാക്കുന്നതിന് സമാനമാണ്. മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസം ഉണ്ട്. സമരത്തെ മനസിലാക്കാനും സമരത്തിന് പിന്നില്‍ ഏതെങ്കിലും സാമൂഹ്യ വിരുദ്ധര്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയാനും മുഖ്യമന്ത്രിക്കും പൊലീസിനും കഴിയും.
ഫാദര്‍ തിയോഡോഷ്യസിന്റേത് പോലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല. സമരത്തില്‍ നിന്ന് ശ്രദ്ധ മാറിപ്പോകും. തെറ്റ് ഏറ്റ് പറഞ്ഞ സ്ഥിതിക്ക് വിഷയം അവസാനിപ്പിക്കണം. അല്ലെങ്കില്‍ നിയമപരമായി നീങ്ങണം. അതിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ നിരാകരിക്കരുത്,’ ജോസഫ് പാംപ്ലാനി പറഞ്ഞു
അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ല. സമരസമിതിയുടെ ആറ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വിദഗ്ദ സമിതിയെ നിയോഗിച്ചത് സമരക്കാരുടെ ആവശ്യപ്രകാരമാണ്. ഇതില്‍ കൂടുതല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘പ്രക്ഷോഭങ്ങളുടെ പേരില്‍ വികസനപദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ല. വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തകരും. നാടിനെ നശിപ്പിക്കുന്ന ശക്തികള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒത്തുകൂടുകയാണ്. വിഴിഞ്ഞം പദ്ധതിക്കെതിരായ ഒരു നീക്കവും അനുവദിക്കില്ല.
വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായത് മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആക്രമണമാണ്. അക്രമം ഉണ്ടാകില്ലെന്ന ഉറപ്പ് സമാധാനയോഗത്തില്‍ സമരസമിതി നല്‍കിയിട്ടില്ല. സമരം മറ്റു തലങ്ങളിലേക്ക് വഴിമാറ്റാന്‍ ശ്രമിക്കുകയാണ്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുസ്‌ലിം പേരായതുകൊണ്ട് തീവ്രവാദിയെന്ന് എങ്ങനെ പറയാന്‍ കഴിയുന്നെന്നും എന്താണ് ഇളക്കി വിടാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പൊലീസ് സ്റ്റേഷന്‍ ആക്രമണമടക്കമുണ്ടായ ദിവസം പള്ളിമണിയടിച്ച് കൂടുതല്‍ ആളുകളെ വൈദികര്‍ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ സംഭവ സ്ഥലത്തെത്തി. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞുവെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.