ന്യൂദല്‍ഹി : ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവ് ആവശ്യപ്പെട്ട് ടെസ്‌ല ഐ.എന്‍.സി. ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ, നികുതിയിളവ് നല്‍കണമെന്ന് ടെസ്‌ല പ്രധാനമന്ത്രിയോടാവശ്യപ്പെട്ടതായി റോയ്‌ട്ടേഴ്‌സ് അടക്കമുള്ള ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറക്കുമതി ചെയ്യുന്ന 40,000 ഡോളര്‍ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 60 ശതമാനവും, 40,000 ഡോളറിലധികം വില വരുന്ന വാഹനങ്ങള്‍ക്ക് നൂറ് ശതമാനവുമാണ് ഇന്ത്യ നികുതി ചുമത്തുന്നത്. ഈ നികുതിയില്‍ കാറുകള്‍ക്ക് വന്‍ വിലയാകുമെന്നും, പ്രതീക്ഷിച്ച വില്‍പന ഉണ്ടാവില്ലെന്നുമാണ് ടെസ്‌ലയുടെ ആശങ്ക.
ഇന്ത്യയാണ് വാഹനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ ഏറ്റവുമധികം നികുതി ചുമത്തുന്നത് എന്നാണ് ടെസ്‌ല പറയുന്നത്. നികുതിയിളവ് നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില്‍പന ഉണ്ടാവില്ലെന്നും ടെസ്‌ല ആശങ്കപ്പെടുന്നു.
ടെസ്‌ലയുടെ ഇന്ത്യന്‍ എക്‌സിക്യുട്ടീവായ മനോജ് ഖുറാനയടക്കം പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെസ്‌ല ഇന്ത്യയോ, പ്രധാനമന്ത്രിയുടെ ഓഫീസോ ചര്‍ച്ചകളെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.
ഇതേ ആവശ്യം ഉന്നയിച്ച് എലോണ്‍ മസ്‌കും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറക്കുമതി നികുതി ഒഴിവാക്കുന്നതിനായി ഇന്ത്യയില്‍ തന്നെ ഉത്പാദനം ആരംഭിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേശം. എന്നാല്‍ ടാറ്റയടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.