കേരളത്തില്‍ നാലു ജില്ലകളില്‍ ഇന്ന് ചൂട് കൂടും; താപനിലയില്‍ മൂന്നു ഡിഗ്രിവരെ വര്‍ധിക്കും; കനത്ത ജാഗ്രതാ നിര്‍ദേശം
Kerala News
കേരളത്തില്‍ നാലു ജില്ലകളില്‍ ഇന്ന് ചൂട് കൂടും; താപനിലയില്‍ മൂന്നു ഡിഗ്രിവരെ വര്‍ധിക്കും; കനത്ത ജാഗ്രതാ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th February 2020, 10:49 am

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് നാലു ജില്ലകളില്‍ താപനില വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണ് താപനിലയില്‍ വര്‍ധനവുണ്ടാകുമെന്ന് അറിയിച്ചത്.

അന്തരീക്ഷത്തിലെ സാധാരണ താപനിലയെക്കാള്‍ മൂന്നു ഡിഗ്രി വര്‍ധനവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍ കരുതലുകളെടുക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ധാരാളം വെള്ളം കുടിക്കാനും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധനാ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ഇരുചക്ര വാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് കുറയ്ക്കണമെന്നും അതോറിറ്റി നിര്‍ദേശിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ത്ഥികളോട് പ്രത്യേകം ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ വെള്ളം കയ്യില്‍ കരുതാനും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് കുറയ്ക്കാനും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.