Sports News
ഞാന്‍ ബൗളര്‍മാരെ വിശ്വസിക്കുന്ന നായകന്മാരിലൊരാളാണ്: സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Sunday, 23rd March 2025, 2:44 pm

ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് 2025ലെ തങ്ങളുടെ ആദ്യ ഐ.പി.എല്‍ മത്സരത്തിനിറങ്ങുകയാണ്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.

ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ഇതോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ എല്ലാ താരങ്ങളും വലിയ തയ്യാറെടുപ്പിലാണ്.

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല എന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഈ മത്സരങ്ങളില്‍ പ്യുവര്‍ ബാറ്ററായാകും സഞ്ജു കളത്തിലിറങ്ങുക.

സഞ്ജുവിന് പകരം യുവതാരം റിയാന്‍ പരാഗിന്റെ നേതൃത്വത്തിലാകും രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുക. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് പരാഗ് രാജസ്ഥാനെ നയിക്കുക. ഇപ്പോള്‍ ടീമിനെക്കുറിച്ച് സംസാരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍.

‘കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മികച്ച സീനിയര്‍ താരങ്ങള്‍ എനിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരങ്ങളാണ് എനിക്കൊപ്പമുള്ളത്. ഇതിനെ പോസിറ്റീവായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പഴയ കാര്യങ്ങള്‍ മറക്കാം. പുതിയൊരു മനോഭാവത്തോടെയാണ് ഇത്തവണ ഞങ്ങള്‍ ഇറങ്ങുന്നത്. ഞാന്‍ ബൗളര്‍മാരെ വിശ്വസിക്കുന്ന നായകന്മാരിലൊരാളാണ്.

അവര്‍ തങ്ങളുടെ കരുത്തിനെക്കുറിച്ചും എവിടെയാണ് പന്തെറിയാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചും എന്നോട് പറയാറുണ്ട്. എന്റെ അനുഭവസമ്പത്തില്‍ നിന്നുള്ള കാര്യങ്ങളും ചേര്‍ത്താണ് അന്തിമ തീരുമാനത്തിലേക്കെത്തുക.

കുറച്ച് മത്സരങ്ങള്‍ കളിക്കുമ്പോള്‍ അവരുടെ കരുത്തും ദൗര്‍ബല്യവും നമുക്ക് മനസിലാവും. പവര്‍ പ്ലേയില്‍ ബൗളര്‍മാരെ വളരെയധികം നോട്ടമിടും. പുതിയ തന്ത്രങ്ങളും പദ്ധതികളുമാണ് ആവശ്യം,’ സഞ്ജു സാംസണ്‍ പറഞ്ഞു.

Content Highlight: Sanju Samson Talking About Rajasthan Royals And His Bowlers