Kerala News
പുരോഗമനത്തിന്റെയും സമ്പൂര്‍ണ സാക്ഷരതയുടെയും ജാഡയും നാട്യവും അഴിച്ചുവച്ചാല്‍ മലയാളികള്‍ക്ക് ഇങ്ങനെയും ചില മുഖങ്ങളുണ്ട്, അവര്‍ക്ക് കറുപ്പിനോട് വെറുപ്പാണ്: ചീഫ് സെക്രട്ടറിക്ക് പിന്തുണയറിയിച്ച് എം.ടി രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Wednesday, 26th March 2025, 8:21 pm

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കപ്പെട്ട ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി ബി.ജെ.പി നേതാവ് എം.ടി രമേശ്. ആര്‍ക്കാണ് കറുപ്പിനോട് വെറുപ്പെന്നും പുരോഗമനത്തിന്റെയും സമ്പൂര്‍ണ സാക്ഷരതയുടെയും ജാഡയും നാട്യവും അഴിച്ചുവച്ചാല്‍ മലയാളികള്‍ക്ക് ഇങ്ങനെയും ചില മുഖങ്ങളുണ്ടെന്നും അവര്‍ക്കാണ് കറുപ്പിനോട് വെറുപ്പെന്നും എം.ടി രമേശ് പറഞ്ഞു.

വൈറ്റ് കോളര്‍ ജോബുകളില്‍ മാത്രമാണ് താത്പര്യമെന്നും വിദേശത്താണെങ്കില്‍ ഏത് ജോലിയും ചെയ്യും, സോഷ്യല്‍ സ്റ്റാറ്റസിന്റെ പൊങ്ങച്ചങ്ങളോട് പ്രിയമാണ്, ആഢ്യത്വം, തറവാടിത്തം, ആറടി നീളത്തോടുള്ള ആരാധന അങ്ങനെ പലതുമാണ് മലയാളികളില്‍ പലര്‍ക്കുമെന്നും എം.ടി രമേശ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉന്നയിച്ച ആരോപണം വളരെ ഗൗരവമുള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും ഇത്തരം ദുഷിച്ച ചിന്തയുണ്ടെങ്കില്‍ അതും ഏറ്റവും തലപ്പത്തിരിക്കുന്ന ചീഫ് സെക്രട്ടറിയോടു പോലും അവര്‍ അത് പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ സാധാരണ മനുഷ്യര്‍ക്ക് ഇവരില്‍ നിന്ന് എന്ത് നീതിയാണ് ലഭിക്കുകയെന്നും എം.ടി. രമേശ് ചോദിച്ചു.

വരേണ്യതയോടുള്ള ഈ അടിമ മനോഭാവവും ബ്രിട്ടീഷ് വെളുപ്പിനോടുള്ള വിധേയത്വവും വിട്ടുപോയിട്ടില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു. കപട ബുദ്ധിജീവികളുടെ നാട്യങ്ങള്‍ക്കപ്പുറം നാം മാറേണ്ടിയിരിക്കുന്നുവെന്നും ‘വസുധൈവ കുടുംബകം’എന്നത് ഓര്‍ക്കണമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് (ബുധനാഴ്ച) രാവിലെയായിരുന്നു തനിക്ക് നേരിട്ട അധിക്ഷേപത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മറുപടി പറഞ്ഞത്. ഏഴ് മാസം മുമ്പ് ചീഫ് സെക്രട്ടറിയായി ജോയിന്‍ ചെയ്ത ശേഷം ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വേണുവിനെയും തന്നെയും നിറത്തിന്റെ പേരില്‍ താരതമ്യം ചെയ്തിരുന്നുവെന്നും ശാരദാ മുരളീധരന്‍ പറഞ്ഞു.

തന്റെ പങ്കാളിയെയും തന്നെയും നിറത്തിന്റെ പേരില്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കമന്റ് കണ്ടെന്നും തുടര്‍ന്ന് താന്‍ ഒരു മറുപടി പോസ്റ്റ് ചെയ്തെന്നും എന്നാല്‍ അതിന് വരുന്ന മറുപടികള്‍ കണ്ടപ്പോള്‍ താന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തെന്നും ശാരദ മുരളീധരന്‍ പറയുന്നു. പക്ഷെ ഈ വിഷയം സംസാരിക്കപ്പെടേണ്ടതാണെന്ന ചില വ്യക്തികളുടെ മറുപടി കണ്ടതിന് ശേഷം താന്‍ പോസ്റ്റ് വീണ്ടും ഇടുകയായിരുന്നെന്നും ശാരദ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിറത്തെക്കുറിച്ചുള്ള താരതമ്യപ്പെടുത്തല്‍ തനിക്ക് വേദനയുണ്ടാക്കിയെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. ശാരദ മുരളീധരന്റെ പങ്കാളി ചീഫ് സെക്രട്ടറിയുമായിരുന്ന സമയത്ത് എല്ലാം പകല്‍ പോലെ വെളുത്തിരുന്നെന്നും എന്നാല്‍ ശാരദ മുരളീധരന്‍ അധികാരത്തിലിരിക്കുമ്പോള്‍ രാത്രി പോലെ കറുത്തിരിക്കുന്നുവെന്നുമായിരുന്നു കമന്റിന്റെ സത്തയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

പക്ഷേ എന്തിനാണ് കറുപ്പിനെ ഇത്ര നെഗറ്റീവ് ആയി കാണുന്നത്? കറുപ്പ് ശക്തമാണ്. അത് സാര്‍വത്രികമാണ്, എല്ലാം ആഗിരണം ചെയ്യുന്നു, അവിശ്വസനീയമായ ഊര്‍ജ്ജം അതില്‍ ഉള്‍ക്കൊള്ളുന്നു. ഓഫീസിലേക്ക് കറുത്ത വസ്ത്രം ധരിക്കുമ്പോള്‍ അത് എലഗന്‍സ് ആയി കണക്കാക്കപ്പെടുന്നു. കണ്മഷിയുടെ, കറുപ്പ്, മഴക്ക് മുന്നോടിയായുള്ള ഇരുളിമ എല്ലാം എത്ര മനോഹരമാണ്, എന്നും ശാരദമുരളീധരന്‍ പറഞ്ഞു.

Content Highlight: If we take off the mask and pretense of progress and complete literacy, Malayalis have some faces like this, they hate black: MT Ramesh expresses support for the Chief Secretary