Entertainment
ആ സിനിമ കണ്ട് പല ഡോക്ടര്‍മാരും വിളിച്ച് യഥാര്‍ത്ഥ മെഡിക്കല്‍ കണ്ടീഷന്‍ ഉള്ളവരും ഇങ്ങനെയാണ് ചെയ്യാറുള്ളതെന്ന് പറഞ്ഞു: മോഹന്‍ലാല്‍

മലയാളത്തിന്റെ അഭിമാനമാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിനോടടുക്കുന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ വ്യത്യസ്ത ഭാഷകളിലായി നൂറിലേറെ സിനിമകള്‍ ഇതിനോടകം അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.

ഓരോ കഥാപാത്രത്തെയും വളരെ സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രാപ്തിയെ സിനിമ പ്രേമികള്‍ പുകഴ്ത്താറുണ്ട്. ഇപ്പോള്‍ തന്റെ സൂക്ഷ്മാഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. സൂക്ഷ്മാഭിനയമാണെന്ന് പറഞ്ഞ് പലരും തന്റെ സിനിമയിലെ ഭാഗങ്ങളെ പറ്റി ചോദിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.

പ്രണയം എന്ന സിനിമയില്‍ പക്ഷാഘാതം വന്ന ഒരാളായിട്ടാണ് താന്‍ അഭിനയിച്ചതെന്നും ഒരു രംഗത്തില്‍ അയാള്‍ കൈവിരല്‍ ഒരു പ്രത്യേകതരത്തില്‍ മൂക്കിലിടുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അത് അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും എന്നാല്‍ പിന്നീടാണ് അതിനൊരു മെഡിക്കല്‍ വശമുണ്ടെന്ന് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സൂക്ഷ്മാഭിനയമാണെന്ന് പറഞ്ഞ് അത്തരം പല രംഗങ്ങളും പലരും കണ്ടെത്തി എന്നോട് ചോദിക്കാറുണ്ട്. ബ്ലസ്സിയുടെ ‘പ്രണയം’ എന്ന സിനിമയില്‍ പക്ഷാഘാതം വന്ന ഒരാളായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഏതോ ഒരു രംഗത്തില്‍ അയാള്‍ കൈവിരല്‍ ഒരു പ്രത്യേകതരത്തില്‍ മൂക്കിലിടുന്നുണ്ട്.

ഞാനത് അറിഞ്ഞുകൊണ്ട് ചെയ്തതല്ല. പിന്നീട് ചില ഡോക്ടര്‍മാര്‍ എന്നെ വിളിച്ചുപറഞ്ഞു, പക്ഷാഘാതം വന്നവര്‍ പലപ്പോഴും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്ന്. ഞാന്‍ ആ രംഗം അപ്പോഴാണ് ശ്രദ്ധിക്കുന്നതും അതിന് ഇങ്ങനെയൊരു മെഡിക്കല്‍ വശമുണ്ട് എന്നറിയുന്നതും.

സിബി മലയിലിന്റെ കിരീടത്തില്‍ കീരിക്കാടനുമായുള്ള ഫൈറ്റിനുശേഷം കാളവണ്ടിയില്‍ ചാരിയിരിക്കുന്ന സേതുമാധവന്‍ ഒരു തുണ്ടം പുല്ല് ചവയ്ക്കുന്ന രംഗവും രാം ഗോപാല്‍ വര്‍മയുടെ ‘കമ്പനിയി’ല്‍ ഫോണ്‍ ചെയ്യുമ്പോള്‍ കൈവിരലുകള്‍ ചലിയ്ക്കുന്ന രംഗവും കണ്ട് പലരും ഇത്തരത്തിലുള്ള ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാം ഞാന്‍ സ്വാഭാവികമായി ചെയ്തതാണ്. ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ല. ഒരു നടന്‍ ദൈവത്തിന്റെ സ്പര്‍ശം അറിയുന്നത് ഇത്തരം നിമിഷങ്ങളിലാണ്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal about his acting