ക്യാപ്റ്റന്‍ ബാവുമയോ എന്ന് ചോദിച്ചവരോടാണ്, പ്രോട്ടീസിനെ നയിക്കാന്‍ ഈ കുറിയ മനുഷ്യനോളം പോന്നവന്‍ ആരും തന്നെയില്ല
Sports News
ക്യാപ്റ്റന്‍ ബാവുമയോ എന്ന് ചോദിച്ചവരോടാണ്, പ്രോട്ടീസിനെ നയിക്കാന്‍ ഈ കുറിയ മനുഷ്യനോളം പോന്നവന്‍ ആരും തന്നെയില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th September 2023, 12:41 pm

ഐ.സി.സി ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ നയിക്കാന്‍ തെംബ ബാവുമയോ എന്ന് നെറ്റി ചുളിച്ചവര്‍ക്കുള്ള ഉത്തരമാണ് ആ കുറിയ മനുഷ്യന്‍ കഴിഞ്ഞ ദിവസം നല്‍കിയത്. മംഗൗങ് ഓവലില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ബാവുമയുടെ അപരാജിത ചെറുത്തുനില്‍പിനാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരില്‍ നിന്നും കയ്യടിയുയരുന്നത്.

ഒരുകാലത്ത് ബാവുമയെ ടീമിലെടുക്കുന്നതിന് വരെ പരസ്യപ്രതിഷേധവുമായി രംഗത്തുന്ന ആരാധകര്‍ ലോകമെമ്പാടുമുണ്ടായിരുന്നു. നാഷണല്‍ ടീമില്‍ കറുത്ത വര്‍ഗക്കാര്‍ക്കുള്ള സംവരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് താരം കടിച്ചുതൂങ്ങിക്കിടക്കുന്നതെന്ന് പലരും വാദിച്ചിരുന്നു. താരത്തിനെതിരെ വ്യക്തഹത്യ പോലും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

എന്നാല്‍ കരിയറിലെ മോശം സമയങ്ങളില്‍ നിന്നും അതിവേഗം ഉയര്‍ന്നുവന്ന ബാവുമയെയായിരുന്നു ക്രിക്കറ്റ് ലോകം പിന്നീട് കണ്ടത്. പ്രോട്ടീസ് എന്ന ടീമിനെയൊന്നാകെ പല തവണ ആ അഞ്ചടി നാലിഞ്ചുകാരന്‍ തോളിലേറ്റിയിരുന്നു.

ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഗ്രെയം സ്മിത്തിന്റേതടക്കമുള്ള ക്യാപ്റ്റന്‍സി റെക്കോഡുകളും ബാവുമ തകര്‍ത്തിരുന്നു.

താന്‍ എന്തുകൊണ്ട് പ്രോട്ടീസിന്റെ ക്യാപ്റ്റനായി എന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുന്ന പ്രകടനമായിരുന്നു ബാവുമ കഴിഞ്ഞ ദിവസം നടത്തിയത്. സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുമ്പോള്‍ മറുവശത്ത് നിരാശനായിരിക്കാതെ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല താരം സ്വയം ഏറ്റെടുക്കുകയായിരുന്നു.

142 പന്തില്‍ നിന്നും ഒരു സിക്‌സറും 14 ബൗണ്ടറിയുമടക്കം പുറത്താകാതെ 114 റണ്‍സാണ് ബാവുമ നേടിയത്.

49 ഓവറില്‍ സൗത്ത് ആഫ്രിക്ക 222 റണ്‍സിന് പുറത്തായപ്പോള്‍ ഓപ്പണറായി ഇറങ്ങി അവസാന നിമിഷവും ബാവുമ പുറത്താകാതെ ക്രീസില്‍ തുടരുകയായിരുന്നു.

ഹെന്റിച്ച് ക്ലാസനും ഏയ്ഡന്‍ മര്‍ക്രവും ക്വിന്റണ്‍ ഡി കോക്കുമെല്ലാം പരാജയമായപ്പോള്‍ 40 പന്തില്‍ 32 റണ്‍സ് നേടിയ മാര്‍കോ യാന്‍സെന്‍ മാത്രമാണ് ബാവുമക്ക് പിന്തുണയുമായി പിടിച്ചുനിന്നത്.

223 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് മാര്‍നസ് ലബുഷാന്റെ വെടിക്കെട്ടില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായ ലബുഷാന്‍ ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും ടീമിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ കണ്‍കഷന്‍ സബ്ബായി കളത്തിലിറങ്ങുകയും മത്സരത്തിന്റെ താരമാവുകയും ചെയ്താണ് ലബുഷാന്‍ ആരാധകരെ ഞെട്ടിച്ചത്.

 

93/6 എന്ന നിലയില്‍ നിന്നും ടീമിനെ വിജയത്തിലേക്ക് നയിച്ചത് ലബുഷാനായിരുന്നു. 39 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 80 റണ്‍സാണ് താരം നേടിയത്.

ഈ വിജയത്തിന് പിന്നാലെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഓസീസിനായി. സെപ്റ്റംബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. മംഗൗങ് ഓവല്‍ തന്നെയാണ് വേദി.

 

Content highlight: Temba Bavuma’s brilliant innings against Australia