ചന്ദ്രശേഖര്‍ റാവുവും പിണറായി വിജയനും കൂടിക്കാഴ്ച നടത്തി; ചര്‍ച്ച 'സമകാലിക രാഷ്ട്രീയത്തെക്കുറിച്ച്'
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘സമകാലിക രാഷ്ട്രീയത്തെക്കുറിച്ച്’ പിണറായി വിജയനുമായും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തേ റാവു വ്യക്തമാക്കിയിരുന്നു.
രണ്ടുദിവസത്തെ കേരളാ സന്ദര്‍ശനത്തിനായാണ് ഇന്നു വൈകുന്നേരം റാവു തിരുവനന്തപുരത്തെത്തിയത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തെലങ്കാന രാഷ്ട്രസമിതി എം.പിമാരായ സന്തോഷ്‌കുമാര്‍, വിനോദ് കുമാര്‍ എന്നിവര്‍ റാവുവിനൊപ്പം ഉണ്ടായിരുന്നു.
കര്‍ണ്ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റാവുവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും സഖ്യത്തിലല്ലാത്ത, ലോക്സഭയില്‍ 120ഓളം സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണ്ണായകമാവും എന്ന് ചന്ദ്രശേഖര റാവുവിന്റെ മകളും, നിസാമാബാദ് എം.പിയുമായ കെ. കവിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച് ഭൂരിപക്ഷത്തോടെയാണ് ടി.ആര്‍.എസ് തെലങ്കാനയില്‍ അധികാരത്തിലേറിയത്. ഇതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലേക്ക് താന്‍ പ്രവേശിക്കുമെന്ന സൂചനകള്‍ കെ.സി.ആര്‍ നല്‍കിയിരുന്നു. ഫെഡറല്‍ മുന്നണി രൂപീകരണത്തെക്കുറിച്ച് അദ്ദേഹം മമത ബാനര്‍ജിയുമായും, ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീന്‍ പട്നായിക്കുമായും അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.