Advertisement
national news
നരേന്ദ്ര മോദിക്ക് പറ്റുമെങ്കില്‍ ഇദ്ദേഹത്തിന് എന്തുകൊണ്ടായിക്കൂടാ; 2024ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 11, 04:09 pm
Thursday, 11th August 2022, 9:39 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്തത്തെക്കുറിച്ച് പ്രതികരിച്ച് ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്.

നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയുമെങ്കില്‍ നിതീഷ് കുമാറിന് എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു തേജസ്വി യാദവ് ചോദിച്ചത്. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024ല്‍ ഇന്ത്യയെ നയിക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച വ്യക്തി നിതീഷ് കുമാറാണോ എന്ന ചോദ്യത്തിന് മറുപടിയായി, ”അദ്ദേഹത്തിന് ഭരണപരിചയമുണ്ട്, നരേന്ദ്ര മോദിക്ക് കഴിയുമെങ്കില്‍, എന്തുകൊണ്ട് നിതീഷ് ജിക്ക് ആയിക്കൂടാ?

ആര്‍ക്കും പ്രധാനമന്ത്രിയാകാം, അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ കഴിയുമെങ്കില്‍ ആര്‍ക്കും കഴിയും,” എന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്.

”നിതീഷ് കുമാറിന് ഭരണകാര്യങ്ങളില്‍ അനുഭവമുണ്ട്, സോഷ്യല്‍ എക്‌സ്പീരിയന്‍സുണ്ട്. രാജ്യസഭയൊഴിച്ച് മറ്റെല്ലാ സഭകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഒരു കേന്ദ്ര മന്ത്രിയായിരുന്നു,” തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

ഇ.ഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പരിഹാസരൂപേണ തേജസ്വി യാദവ് പറഞ്ഞിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അടക്കമുള്ള അന്വേഷണ ഏജന്‍സികളെ തന്റെ വീട്ടിലേക്ക് ‘ക്ഷണിച്ചു’കൊണ്ടായിരുന്നു തേജസ്വി പ്രതികരിച്ചത്.

എന്തിനാണ് രണ്ട് മാസം കഴിഞ്ഞ് വന്ന് റെയ്ഡ് ചെയ്യാന്‍ കാത്തിരിക്കുന്നതെന്ന് ചോദിച്ച തേജസ്വി യാദവ് ഇ.ഡിക്കും സി.ബി.ഐക്കും തന്റെ വീട്ടില്‍ ഓഫീസ് തുറക്കാമെന്നും എത്രകാലം വേണമെങ്കിലും താമസിക്കാമെന്നും പറഞ്ഞു.

എന്‍.ഡി.എ സഖ്യം വിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനൊപ്പം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കാന്‍ തേജസ്വി യാദവും പോയിരുന്നു. പിറ്റേ ദിവസം ആര്‍.ജെ.ഡി- ജെ.ഡി.യു മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു ബിഹാറില്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഇത് രണ്ടാം തവണയാണ് മഹാഗഡ്ബന്ധന്‍ സഖ്യസര്‍ക്കാര്‍ ബിഹാര്‍ ഭരിക്കുന്നത്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മന്ത്രിസ്ഥാനങ്ങള്‍ പതിനാല് വീതം ആര്‍.ജെ.ഡി, ജെ.ഡി.യു പാര്‍ട്ടികള്‍ വീതം വെക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് 2015ലായിരുന്നു ആദ്യഘട്ടത്തില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലെത്തിയത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറും സംഘവും എന്‍.ഡി.എക്കൊപ്പം ചേരുകയായിരുന്നു.

Content Highlight: Tejashwi Yadav says if Narendra Modi can become PM Nitish Kumar also can