Entertainment
ഡ്രാഗണ്‍സും ഹനുമാനും ഒന്നിക്കുമ്പോള്‍; വീണ്ടും തേജ സജ്ജയുടെ പാന്‍ ഇന്ത്യന്‍; പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 23, 02:14 pm
Tuesday, 23rd April 2024, 7:44 pm

പ്രശാന്ത് വര്‍മ – തേജ സജ്ജ കൂട്ടുകെട്ടില്‍ വന്ന ‘ഹനുമാന്‍’ന്റെ വിജയത്തിന് ശേഷം പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സിലെ (പി.വി.സി.യു) രണ്ടാമത്തെ ചിത്രമായ ‘ജയ് ഹനുമാന്‍’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

കൈയില്‍ ഗദയുമായി ഒരു പര്‍വതത്തിന് മുകളില്‍ നില്‍ക്കുന്ന ഹനുമാനെയാണ് പോസ്റ്ററില്‍ കാണുന്നത്. ഹനുമാന്റെ തലക്ക് മുകളിലായി ആകാശത്ത് വലിയൊരു ഡ്രാഗണും നില്‍ക്കുന്നുണ്ട്.

‘ഹനുമാന്‍’ന്റെ രണ്ടാം ഭാഗമാണ് ‘ജയ് ഹനുമാന്‍’. മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ആദ്യമായി ഡ്രാഗണ്‍സിനെ ഇന്ത്യന്‍ സ്‌ക്രീനില്‍ എത്തിക്കുകയാണ് സംവിധായകന്‍ പ്രശാന്ത് വര്‍മ.

ഐമാക്‌സ് ത്രീഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ഈ ചിത്രത്തിന് വലിയ രീതിയിലുള്ള വി.എഫ്.എക്‌സ് വര്‍ക്കുകളുടെ ആവശ്യകതയുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വരും ദിവസങ്ങളിലായി പുറത്തുവിടും.

പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമായ ‘ഹനുമാന്‍’ സൂപ്പര്‍ഹീറോ ഹനുമാനെ കേന്ദ്രീകരിച്ചാണ് ദൃശ്യാവിഷ്‌കരിച്ചത്. 100 കോടിയിലേറെ കളക്ഷന്‍ നേടിയ ഈ ചിത്രം ജനുവരി 12നായിരുന്നു തിയേറ്റര്‍ റിലീസ് ചെയ്തത്. പി.ആര്‍.ഒ: ശബരി.

Content Highlight: Teja Sajja’s Jai Hanuman Movie Poster Out Now