മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കന്‍മാര്‍ക്കെതിരെ ഇ.ഡി ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേസെടുക്കുന്നു. സ്വേച്ഛാധിപത്യ നടപടിയാണ് ബി.ജെ.പി രാജ്യത്ത് നടത്തുന്നത്. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധി നടത്തിയ ന്യായ് യാത്ര കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്,’ ടിക്കാറാം മീണ മീഡിയ വണ്ണിനോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാജസ്ഥാനില്‍ സീറ്റ് ലഭിക്കാത്തതില്‍ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്നാണ് ഹൈക്കമാന്റ് മറുപടി നല്‍കിയതെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു.
‘സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം സാമൂഹിക സേവനത്തിന് ഇറങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിന് പറ്റിയത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം എന്നെ ആദ്യം ഏല്‍പ്പിച്ച ചുമതല പ്രകടന പത്രിക തയ്യാറാക്കലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്നാണ് ഹൈക്കമാന്റ് മറുപടി നല്‍കിയത്,’ ടിക്കാറാം മീണ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദത്തിന് വഴങ്ങി ആയിരിക്കും അവര്‍ ചെലപ്പോള്‍ ബി.ജെ.പിയിലേക്ക് പോയത്. എങ്കിലും അത് ശരിയല്ല. ആവശ്യം കഴിഞ്ഞാല്‍ ബി.ജെ.പി അവരെ വലിച്ചെറിയുമെന്ന് അവര്‍ക്ക് മനസ്സിലാകും,’ ടിക്കാറാം മീണ പറഞ്ഞു.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നല്ല സാധ്യത ഉണ്ടെന്നും അഞ്ച് മുതല്‍ പത്ത് വരെ സീറ്റ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 25 സീറ്റ് കിട്ടുമെന്ന ബി.ജെ.പിയുടെ പ്രചരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.