തമിഴ് സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. വെട്രിമാരനും സുര്യയും ഒന്നിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നത്.
രണ്ട് ജെല്ലികെട്ട് കാളകളെ സ്വന്തമായി വാങ്ങിയാണ് സൂര്യ ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുന്നതെന്നും അതിനോടൊപ്പം ജെല്ലികെട്ട് കളിക്കാരുമായി സൂര്യ പരിശീലനം നടത്തുന്നുണ്ടെന്നും വെട്രിമാരന്‍ മുന്‍പ് പറഞ്ഞിരുന്നു.
ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നടന്നത്. ഇപ്പോഴിതാ ടെസ്റ്റ് ഷൂട്ടില്‍ ഭാഗമായ അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
ടെസ്റ്റ് ഷൂട്ടിനായി ക്യാമറ റിഗ് ചെയ്ത സാങ്കേതിക പ്രവര്‍ത്തകരാണ് ഷൂട്ടിങ് അനുഭവം പങ്കുവെച്ചത്. സംവിധായകന്‍ വെട്രിമാരന്‍ കാളയുടെ കണ്ണിന്റെ ലെവലില്‍ തന്നെ ക്യാമറ വരണമെന്ന് പറഞ്ഞെന്നും, സൂര്യയെ കൊണ്ട് മാത്രമേ ഇത്തരത്തില്‍ ഒരു റോള്‍ ചെയ്യാന്‍ സാധിക്കൂ വേറെയാരും ഈ കഥാപാത്രം ചെയ്യില്ല എന്നുമാണ് ഇദ്ദേഹം പറയുന്നത്.
ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സാങ്കേതിക പ്രവര്‍ത്തകര്‍ വാടിവസാലിനെ കുറിച്ച് വ്യക്തമാക്കിയത്.
സൂര്യയെ കാള കുത്തുന്ന ഷോട്ടും ക്യാമറയില്‍ പതിഞ്ഞു എന്നും ഇദ്ദേഹം കൂടിചേര്‍ക്കുന്നു. ജല്ലിക്കെട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കെട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് ‘വാടിവാസല്‍’ എന്ന നോവല്‍.
സി.എസ്. ചെല്ലപ്പ ‘എഴുത്ത്’ എന്ന സാഹിത്യമാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്നീട് പുസ്തകമാക്കുകയായിരുന്നു.
ഇതിനകം 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണിത്. ഈ നോവലിന്റെ മൊഴിമാറ്റിയ പതിപ്പ് മലയാളത്തില്‍ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ജല്ലിക്കെട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് ‘വാടിവാസല്‍’.
വേല്‍രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. സൂരിയും ‘വാടിവാസല്‍’ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.