Entertainment news
'കാക്ക' ടീം ബിഗ്‌സ്‌ക്രീനിലേക്ക്; അജു അജീഷിന്റെ സംവിധാനത്തില്‍ സിനിമയൊരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 15, 11:12 am
Tuesday, 15th February 2022, 4:42 pm

ഏറെ ശ്രദ്ധ നേടിയ ഷോര്‍ട്ട് ഫിലിമായിരുന്നു കാക്ക. നിറത്തിന്റെയും മറ്റ് ശാരീരികമായ കാര്യങ്ങളുടെയും പേരില്‍ ജീവിതത്തില്‍ അവഗണിക്കപ്പെടുകയും കളിയാക്കലുകള്‍ നേരിടുകയും ചെയ്യുന്നവരുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

ചിത്രം നിരൂപകപ്രശംസയും നേടിയിരുന്നു.
ഇപ്പോള്‍ കാക്കയുടെ സംവിധായകനായ അജു അജീഷ് ബിഗ് സ്‌ക്രീനിലേക്കും എത്തുകയാണ്.

അജു അജീഷ് എഡിറ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. കാക്ക നിര്‍മിച്ച വെള്ളിത്തിര പ്രൊഡക്ഷന്‍സാണ് സിനിമയും നിര്‍മിക്കുന്നത്.

2021 ആഗസ്റ്റില്‍ യൂട്യൂബില്‍ റിലീസ് ചെയ്ത കാക്ക എന്ന ഹ്രസ്വചിത്രം ഇതുവരെ കണ്ടത് 63 ലക്ഷത്തിലധികം ആളുകളാണ്.

നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളിലായി മികച്ച ഹ്രസ്വചിത്രം, സംവിധാനം, തിരക്കഥ, ചിത്രസംയോജനം, അഭിനയം തുടങ്ങി വിവിധ കാറ്റഗറികളില്‍ കാക്ക പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.


Content Highlight: Team of Kaakka short film announces new movie, director Aju Ajeesh