സഞ്ജു സാംസണില്‍ ഇന്ത്യന്‍ ടീം ഒരു പ്രത്യേക സ്പാര്‍ക്ക് കാണുന്നുണ്ടെന്നും, അക്കാരണത്താലാണ് ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ താരത്തെ തിരിച്ചു വിളിച്ചതെന്നും മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ടി-20 ക്രിക്കറ്റില്‍ അവന് വീണ്ടുമൊരു അവസരം നല്‍കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യ അദ്ദേഹത്തിന് ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിരുന്നു. പക്ഷെ അവന്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയില്ല. ഇന്ത്യ സഞ്ജുവിന് വീണ്ടും മറ്റൊരു അവസരം കൂടി നല്‍കുകയാണ്. കാരണം അവനില്‍ ഒരു സ്പാര്‍ക്ക് കാണുന്നുണ്ട്.
സഞ്ജുവിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്ക് തോന്നുന്നു. നാളെ ഇഷാന്‍ കിഷന് വീണ്ടും നല്ല ദിവസമല്ലെങ്കില്‍, ശ്രീലങ്കയ്ക്കെതിരെ ടി20യില്‍ ഒരു മാറ്റമുണ്ടായാല്‍ പോലും ഞാന്‍ അത്ഭുതപ്പെടില്ല. അങ്ങനെയെങ്കില്‍ ഗെയ്ക്‌വാദും രോഹിത് ശര്‍മയും ഓപ്പണറും സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലും കളിച്ചേക്കാം’ അദ്ദേഹം പറയുന്നു.
റിഷഭ് പന്തിന്റെ ബാക്ക്-അപ്പ് വിക്കറ്റ് കീപ്പറായാണ് സഞ്ജു സാംസണെ കാണുന്നതെന്നും 2022ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ സഞ്ജുവും പരിഗണയിലുണ്ടെന്നുംചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
2021-22 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് താരത്തെ വീണ്ടും ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്കെത്തിച്ചിരിക്കുന്നത്. ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. രാജസ്ഥാനായി 14 കളികളില്‍ നിന്ന് 484 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജുവിന്റെ വമ്പനടികള്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവും എന്നതിന്റെ അടിസ്ഥാനത്തിലാണ് താരം വീണ്ടും ടീമിലേക്കെത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിക്കറ്റ് കീപ്പറായും സഞ്ജുവിന്റെ സേവനം ടി-20 ടീമിനുണ്ടാവും. വിശ്രമമനുവദിച്ച റിഷഭ് പന്തിന് പകരമാണ് സഞ്ജു ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.