തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് 86 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് ബിസ്മി ഭവനില്‍ താമസിക്കുന്ന സിദ്ദിഖ്നെയാണ് (25) കോടതി കഠിന ശിക്ഷക്ക് വിധിച്ചത്.
കുറ്റം മറച്ചുവെച്ചതിന് സഹപ്രവര്‍ത്തകനായ മുഹമ്മദ് ഷമീറിന് ആറ് മാസം തടവും 10,000 രൂപ പിഴയും വിധിച്ചു.
തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി ഷിബുവാണ് ശിഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ്, വി.സി. ബിന്ദു എന്നിവര്‍ 21 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഞ്ച് കുട്ടികള്‍ പ്രതികള്‍ക്കെതിരെ നെടുമങ്ങാട് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ മറ്റു നാല് കേസുകളിലെയും പരാതിക്കാരായ കുട്ടികള്‍ വിചാരണയ്ക്കിടെ കൂറുമാറി. ഈ കേസിലെ കുട്ടി മാത്രമാണ് മൊഴി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കി ഒമ്പത് മാസങ്ങള്‍ക്കുശേഷമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.
താന്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നുവെന്നും കുറ്റകൃത്യം ചെയ്തിട്ടില്ലെന്നുമാണ് പ്രതി കോടതിയില്‍ മൊഴി നല്‍കിയത്. ഇതിനായി ചികിത്സാ രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതി വ്യാജ രേഖകള്‍ ഹാജരാക്കുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Content Highlight: Madrasa Teacher Sentenced To 86 years Imprisonment And Fined Rs.2 Lakh