അഭിനന്ദൻ വർത്തമാനെ സമാധാനത്തിന്റെ ദൂതനാക്കി പാകിസ്ഥാനിലെ ചായക്കട
World News
അഭിനന്ദൻ വർത്തമാനെ സമാധാനത്തിന്റെ ദൂതനാക്കി പാകിസ്ഥാനിലെ ചായക്കട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2019, 5:53 pm
ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ പിടിയിൽ അകപ്പെട്ട് തിരിച്ചെത്തിയ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനാക്കി പാകിസ്ഥാനിലെ ചായക്കട. അഭിനന്ദൻ ചായ കുടിക്കുന്ന ചിത്രത്തെയാണ് ചായക്കടയുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

“ഇങ്ങനെ ചായയിലൂടെ ഏത് ശത്രുവിനെയും സുഹൃത്തായി മാറ്റാനാകും” എന്നാണു അഭിനന്ദന്റെ ചിത്രത്തിന് അടുത്തായി ഉറുദുവിൽ എഴുതിയിരിക്കുന്നത്. പാകിസ്ഥാന്റെ ഏത് ഭാഗത്താണ് ഈ ചായക്കട പ്രവർത്തിക്കുന്നതെന്ന് വ്യക്തമല്ല. ഇതിലൂടെ പാകിസ്ഥാനിലെ ജനങ്ങൾക്കിടയിൽ അഭിനന്ദന് ആരാധകർ ഏറെയുണ്ടെന്നാണ് വ്യക്തമാകുന്നത്.

ഒമർ ഫാറൂഖ് എന്നയാളാണ് ഈ ചിത്രം ട്വിറ്ററിലൂടെ പരസ്യമാക്കിയത്. “പാകിസ്ഥാനിലെ ഏതോ ഒരു സ്ഥലത്തുള്ള ഈ ചായക്കടയ്ക്ക് മുന്നിലുള്ള ബാനറിൽ അഭിനന്ദന്റെ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത് “ചായയിലൂടെ ശത്രുവിനെയും സുഹൃത്താക്കാം” എന്നാണ്.” ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ ഒമർ പറയുന്നു. അഭിനന്ദനെ ശാന്തനായും ആത്മവിശ്വത്തോടെയുമുള്ള മുഖത്തോടെയാണ് ബാനറിൽ ചിത്രീകരിച്ചിരിക്കുന്നത്.

Also Read കോൺഗ്രസിന്റെ സഹായമില്ലാതെ ദൽഹിയിൽ 7 ലോക്സഭാ സീറ്റുകളും നേടുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ഫെബ്രുവരി 27നാണ് പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിന്നും തുരത്താനുള്ള ഉദ്യമത്തിനിടെ, തന്റെ മിഗ്-25 വിമാനത്തിപ്പോൾ നിന്നും ഇജെക്ട് ചെയ്ത് രക്ഷപെടാൻ ശ്രമിച്ച അഭിനന്ദൻ പാക്സിതാന്റെ പിടിയിലാകുന്നത്. അഭിനന്ദന്റെ വിമാനത്തെ പാകിസ്ഥാൻ വ്യോമസേന വെടിവെച്ചിടുകയായിരുന്നു. ചുരുങ്ങിയ സമയം പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദനെ മാർച്ച് ഒന്നിനാണ് സമാധാനസൂചകമായി ഇന്ത്യയ്ക്ക് കൈമാറാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തീരുമാനിക്കുന്നത്.