ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ ഗിറോണയിലെത്തി ലാലിഗയില്‍ താരമായിരിക്കുകയാണ് അര്‍ജെൈന്റന്‍ ഇന്റര്‍നാഷണല്‍ വാലന്റൈന്‍ കാസ്റ്റെലാനോസി. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ ഗിറോണ നേടിയ നാല് ഗോളും കാസ്റ്റെലാനോസിയുടെ വകയായിരുന്നു.
12, 14, 46, 62 മിനിട്ടുകളിലായിരുന്നു കാസ്റ്റെലാനോസിയുടെ ഫയറിങ്. ഇതോടെ ലാലിഗയില്‍ 1947ന് ശേഷം റയലിനെതിരെ നാല് ഗോള്‍ നേടുന്ന ആദ്യ താരം കൂടിയായി വാലന്റൈന്‍ കാസ്റ്റെലാനോസ്.
1947 ഡിസംബറില്‍ റയല്‍ ഒവീഡോക്ക് വേണ്ടി എസ്തബാന്‍ എച്ചവേരിയ റയലിനെതിരെ അഞ്ച് ഗോളുകള്‍ നേടിയതാണ് ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. ബാഴ്‌സക്ക് വേണ്ടി തന്നെ കരിയറില്‍ ഏഴ് തവണ നാലോ അതിലധികമോ ഗോളുകള്‍ നേടിയിട്ടുള്ള ലയണല്‍ മെസിക്ക് പോലും റയലിനെതിരെ നാല് ഗോളുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈ അര്‍ത്ഥത്തിലും ഈ അര്‍ജന്റൈന്‍ താരം ശ്രദ്ധ നേടുകയാണ്.
അതേസമയം, റയലിന് വേണ്ടി 34ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറും 85ാം മിനിട്ടില്‍ ലൂകാസ് വാസ്‌കസുമാണ് വലകുലുക്കിയത്. തോല്‍വിയോടെ ലാലിഗയില്‍ ഏഴ് കളികള്‍ മാത്രം ബാക്കിയുള്ള റയലിന്റെ കിരീട സാധ്യത മങ്ങുകയാണ്.
31 മത്സരത്തില്‍ 20 വിജയവും ആറ് തോല്‍വിയും അഞ്ച് സമനിലയുമായി പോയിന്റ് ടേബിളില്‍ രണ്ടാമതാണിപ്പോള്‍ റയല്‍. 30 മത്സരങ്ങളില്‍ 24 വിജയവും നാല് സമനിലയും രണ്ട് തോല്‍വിയുമുള്ള ബാഴ്സലോണയാണ് ടേബിളില്‍ ഒന്നാമതുള്ളത്.
റയലിനേക്കാള്‍ ഒരു മത്സരം പിന്നിലുള്ള ബാഴ്സ അവരെക്കാള്‍ 11 പോയിന്റ് മുന്നിലാണ് നിലവില്‍.