World News
ജന്മാവകാശ പൗരത്വത്തിനെതിരായ നിയന്ത്രണങ്ങള്‍ ഭാഗികമായെങ്കിലും നടപ്പിലാക്കാന്‍ അനുവദിക്കണം; സുപ്രീം കോടതിയോട് ട്രംപ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
13 hours ago
Friday, 14th March 2025, 5:22 pm

വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ ഭാഗികമായെങ്കിലും നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് അപേക്ഷിച്ച് ട്രംപ് സര്‍ക്കാര്‍.

വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ട്രംപ് അഡ്മിനിസ്ട്രേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്. കോടതികളുടെ സ്റ്റേ ഉത്തരവുകൾ തീരുമാനം നടപ്പിലാക്കുന്നതില്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിനെ വിലക്കുന്നുവെന്ന് അഡ്മിനിസ്ട്രേഷൻ അപേക്ഷയില്‍ പറയുന്നു.

യു.എസിന്റെ 47ാമത് പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് നൂറ്റാണ്ട് പഴക്കമുള്ള കുടിയേറ്റ വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഏകദേശം 700ഓളം വാക്കുകളുള്ള എക്സിക്യൂട്ടീവ് ഉത്തരവായിരുന്നു അത്.

ഉത്തരവ് പ്രകാരം, പിതാവ് യു.എസ് പൗരനോ രാജ്യത്തെ നിയമാനുസൃത സ്ഥിര താമസക്കാരനോ അല്ലെങ്കില്‍ യു.എസില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ അമേരിക്കന്‍ പൗരനായി അംഗീകരിക്കില്ല.

കുട്ടിയുടെ അമ്മ നിയമവിരുദ്ധമായാണ് രാജ്യത്ത് തുടരുന്നതെങ്കിലും വിദ്യാര്‍ത്ഥിയോ ടൂറിസ്റ്റോ ആണെങ്കിലും കുട്ടിക്ക് പൗരത്വം നഷ്ടപ്പെടും. ഫെബ്രുവരി 19 ന് ശേഷം ഉത്തരവ് നടപ്പിലാക്കുമെന്നായിരുന്നു അറിയിപ്പ്.

എന്നാല്‍ ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ണ്‍ ഡി.സി എന്നിവയുള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള അറ്റോര്‍ണി ജനറല്‍മാര്‍ നടപടിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

ട്രംപിന്റെ ഉത്തരവ് ഭരണഘടനയുടെയും ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളുടെയും പൂര്‍ണ ലംഘനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് ഉത്തരവിനെതിരെ കേസ് കൊടുത്തിരുന്നത്.

തുടര്‍ന്ന് മസാച്യുസെറ്റ്‌സ്, മേരിലാന്‍ഡ്, വാഷിങ്ടണ്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ജഡ്ജിമാര്‍ എക്സിക്യൂട്ടീവ് ഉത്തരവിനെ തള്ളിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. ഈ വിധികള്‍ നിരുപാധികം തള്ളണമെന്ന് ആവശ്യപ്പെട്ടാണ് നീതിന്യായ വകുപ്പിന്റെ ആക്ടിങ് സോളിസിറ്റര്‍ ജനറല്‍ സാറാ ഹാരിസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Content Highlight: Trump administration tells Supreme Court to allow restrictions on birthright citizenship to be partially implemented