ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. ഫൈനലില്‍ 33 പന്തില്‍ നിന്ന് 34 റണ്‍സാണ് താരം നേടിയത്. ഒരു സിക്‌സും ഒരു ഫോറും അടക്കമാണ് രാഹുല്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തത്. ചാമ്പ്യന്‍സ് ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 174 റണ്‍സാണ് താരം നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പറിലും ആറാം നമ്പറിലും കൃത്യതയും പക്വതയുമുള്ള പ്രകടനമാണ് രാഹുല്‍ നടത്തിയത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് . ഇന്ത്യന്‍ ടീമിന്റെ ‘മിസ്റ്റര്‍ ഫിക്‌സ് ഇറ്റ്’ ആണ് രാഹുലെന്നും താരത്തിന്റെ കൂടെ കളിക്കാന്‍ ആവേശമുണ്ടെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.
‘ഇന്ത്യന്‍ ടീമിന്റെ മിസ്റ്റര്‍ ഫിക്‌സ് ഇറ്റ് ആണ് കെ.എല്‍. രാഹുല്‍. അവന്‍ വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യുകയും വിക്കറ്റ് കീപ്പര്‍ ആവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ എനിക്ക് ആവേശമുണ്ട്,’ സ്റ്റാര്‍ക്ക് ഫനാറ്റിക്‌സ് ടി.വിയോട് പറഞ്ഞു.
2025 ഐ.പി.എല്‍ മെഗാ ലേലത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് കെ.എല്‍. രാഹുലിനേയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും ടീമില്‍ എത്തിച്ചിരുന്നു. 11.75 കോടിക്കാണ് സ്റ്റാര്‍ക്കിനെ ദല്‍ഹി ക്യാപിറ്റല്‍ സ്വന്തമാക്കിയത്. 14 കോടി രൂപയ്ക്കാണ് രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സില്‍ നിന്ന് ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.
Content Highlight: Mitchell Starc Talking About K.L. Rahul