ലഖ്നൗ: അയോധ്യയില്‍ കോടികള്‍ ചെലവഴിച്ച് ക്ഷേത്ര മ്യൂസിയം നിര്‍മിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സ് ആണ് മ്യൂസിയം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയ്ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കി.
ക്ഷേത്ര മ്യൂസിയത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം സര്‍ക്കാര്‍ നല്‍കും. 90 വര്‍ഷത്തെ പാട്ടത്തിന് ഒരു രൂപ നിരക്കിലായിരിക്കും യു.പി സര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് സ്ഥലം വിട്ടുകൊടുക്കുക.
സരയൂ നദിയുടെ സമീപത്തുള്ള ഗ്രാമമായ മജ്ഹ ജംതാരയിലെ ടൂറിസം വകുപ്പിന്റെ സ്ഥലമായിരിക്കും മ്യൂസിയത്തിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ കൈമാറുന്നത്. പദ്ധതിക്കായി 650 കോടി രൂപയാണ് ടാറ്റ ഗ്രൂപ്പ് കണക്കാക്കുന്നത്. സ്ഥലത്തിന്റെ വികസനത്തിനായി മാത്രം 100 കോടി രൂപ നീക്കിവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ പ്രസ്തുത പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് അന്തിമ തീരുമാനത്തിനായി പദ്ധതിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാരിന് ടാറ്റ ഗ്രൂപ്പ് കൈമാറുകയുമുണ്ടായി. 2023 നവംബറില്‍ ആര്‍ക്കിടെക്റ്റ് ബൃന്ദ സോമയ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിനായി മജ്ഹ ജംതാരയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.
2024 ജനുവരിയിലാണ് ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. 1800 കോടി രൂപ ചെലവഴിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ രാമക്ഷേത്രം പണിതത്.
എന്നാല്‍ കോടികള്‍ ചെലവാക്കി പണിത അയോധ്യ രാമക്ഷേത്രം ഇപ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. രാമന്റെ വിഗ്രഹത്തിന് മുന്നില്‍ പുരോഹിതന്‍ ഇരിക്കുന്ന സ്ഥലത്തിന് നേരെ മുകളിലുള്ള സീലിങ്ങില്‍ നിന്ന് മഴവെള്ളം ഒഴുകുന്നതായി മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് കഴിഞ്ഞ ദിവസം പറഞ്ഞു. രാജ്യത്തുടനീളമുള്ള എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് നിര്‍മിച്ച രാമക്ഷേത്രം ഒരു മഴ പെയ്തപ്പോഴേക്കും ചോര്‍ന്നത് അത്ഭുതപ്പെടുത്തിയെന്നും പുരോഹിതന്‍ പറഞ്ഞിരുന്നു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്രം ബി.ജെ.പിയുടെ ഒരു തുറുപ്പുചീട്ടായിരുന്നു. എന്നാല്‍ വന്‍ തിരിച്ചടിയാണ് അയോധ്യ ഉള്‍പ്പെടുന്ന യു.പിയിലെ ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി നേരിട്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അയോധ്യയിലെ നിരവധി സാധാരണക്കാരാണ് രാമക്ഷേത്രം വരുന്നതിന് മുമ്പും ഇപ്പോഴും തങ്ങളുടെ ജീവിതം ദുരിതമാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇതിനുപിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിയ്ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
Content Highlight: Tata Sons to build Rs 650-crore Museum of Temples in Ayodhya