ന്യൂദല്‍ഹി: ബിനാമി ആസ്തി കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര.
കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യമുയരുമ്പോഴെല്ലാം താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്ന് വദ്ര പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷ ഏജന്‍സികള്‍ എപ്പോഴെല്ലാം ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടോ അപ്പോഴെല്ലാം താന്‍ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമവുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച എട്ട് മണിക്കൂര്‍ വദ്രയെ ചോദ്യം ചെയ്തത്.
‘ഞാന്‍ വിവിധ ഏജന്‍സികള്‍ക്ക് 2,300 ഓളം രേഖകള്‍ നല്‍കിയിട്ടുണ്ട്. 13 തവണ ദല്‍ഹിയിലെ ഇ.ഡി ഓഫീസിലേക്ക് പോയിട്ടുണ്ട്. അവര്‍ എന്നോട് ഒരേ ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ചോദിക്കുന്നു, എല്ലാ ഉത്തരങ്ങളും റെക്കോര്‍ഡുചെയ്യുന്നു’, റോബര്‍ട്ട് വദ്ര പറഞ്ഞു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായാലോ എന്ന ചോദ്യത്തിന് ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടെന്നും കോണ്‍ഗ്രസിന്റെ പ്രസിഡന്റായി അദ്ദേഹം വരണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു വദ്രയുടെ മറുപടി.
ഉത്തര്‍പ്രദേശിലെ ബദൗറില്‍ കഴിഞ്ഞ ദിവസം നടന്ന ബലാത്സംഗക്കൊലയ്‌ക്കെതിരെയും വദ്ര രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങേയറ്റം ദു:ഖം തോന്നാറുണ്ടെന്നും ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില പാടെ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴെല്ലാം എനിക്ക് സങ്കടം തോന്നാറുണ്ട്. യു.പിയിലെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവിടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും
വദ്ര പറഞ്ഞു.
രാജസ്ഥാനിലെ അതിര്‍ത്തി നഗരമായ ബിക്കാനീറില്‍ വദ്രയുമായി ബന്ധമുള്ള ഒരു സ്ഥാപനം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്ന് ഐ.ടി വകുപ്പ് അധികൃതര്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2015 ല്‍ വദ്രക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്യുകയും 2019 ല്‍ ഈ കേസില്‍ എം.എസ് സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി (പി) ലിമിറ്റഡിന്റെ 4.62 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്‌സമെന്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക