നയ്‌റോബി: ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി അന്തരിച്ചു. 61 വയസായിരുന്നു. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫെബ്രുവരി 27ന് ശേഷം മഗുഫുലി എവിടെയാണെന്ന ഒരു വിവരവും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.
വൈസ് പ്രസിഡന്റ് സാമിയ സുലുഹു ഹസനാണ് പ്രസിഡന്റ് മരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. രണ്ടാഴ്ചയോളം പ്രസിഡന്റിനെ കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്ന ശേഷം മരണവാര്‍ത്ത മാത്രം പുറത്തുവന്നത് ആഗോളതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
കൊവിഡ് മഹാമാരിയെ കുറിച്ച് സംശയകരമായ നിലപാട് പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മഗുഫുലി. കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുപരിപാടികളില്‍ നിന്നും മാറിനിന്നതെന്നായിരുന്നു ചില പ്രചാരണങ്ങള്‍. കൊവിഡ് പ്രതിരോധമാര്‍ഗങ്ങളെ നിസ്സാരമായി കണക്കാക്കിയിരുന്നതുകൊണ്ടാണ് കൊവിഡ് ബാധിച്ചതിനെ കുറിച്ചോ ആരോഗ്യനിലയെ കുറിച്ചോ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ കൊവിഡ് ബാധിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമാണ് മഗുഫുലി മരിച്ചതെന്നും പത്ത് വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നുവെന്നും സാമിയ സുലുഹു അറിയിച്ചു.
വിദേശത്ത് താമസിക്കുന്ന മഗുഫുലി വിരോധികളായ ചില ടാന്‍സാനിയന്‍ പൗരന്മാരാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സാമിയ സുലുഹു പ്രതികരിച്ചു.
അധികാരത്തിലിരിക്കെ മരിക്കുന്ന ആദ്യ ടാന്‍സാനിയന്‍ പ്രസിഡന്റാണ് ജോണ്‍ മഗുഫുലി. മഗുഫുലിയുടെ മരണത്തോടെ വൈസ് പ്രസിഡന്റ് സാമിയ സുലുഹു പ്രസിഡന്റാകും. ടാന്‍സാനിയിലെ മാത്രമല്ല, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൂടി ആദ്യ വനിതാ പ്രസിഡന്റ് കൂടിയായിരിക്കും സാമിയ സുലുഹു ഹസന്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക