മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇന്ന് അന്യഭാഷയിലും തിരക്കുള്ള നടിയാണ് മഞ്ജു വാര്യർ. കരിയറിന്റെ തുടക്കത്തിൽ തന്നെ സത്യൻ അന്തിക്കാട്, ലോഹിതദാസ്, കമൽ തുടങ്ങിയ സംവിധായകരോടോപ്പം സിനിമ ചെയ്യാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്.
മഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത് തുടങ്ങിയ സിനിമകളിലെല്ലാം ഇരുവരും ഒന്നിച്ചിട്ടുണ്ട്. ഹിറ്റുകളുടെ റാണി എന്നായിരുന്നു ആ കാലഘട്ടത്തിൽ മാധ്യമങ്ങൾ മഞ്ജുവിനെ വിശേഷിപ്പിച്ചിരുന്നതെന്ന് കമൽ പറയുന്നു.
നായികയുടെ പേരിൽ സിനിമ മാർക്കറ്റ് ചെയ്യാൻ തുടങ്ങിയത് മഞ്ജുവിന്റെ സിനിമകൾ സൃഷ്‌ടിച്ച മാറ്റമാണെന്നും വർഷങ്ങൾക്ക് ശേഷം ആമി എന്ന സിനിമയിലും തങ്ങൾ ഒന്നിച്ചെന്നും കമൽ കൂട്ടിച്ചേർത്തു.
‘ഹിറ്റുകളുടെ റാണി എന്നാണ് മഞ്ജുവിനെ ആ കാലഘട്ടത്തിൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കാരണം മഞ്ജു അഭിനയിച്ച പടങ്ങൾ തുടർച്ചയായി ഹിറ്റ് ചാർട്ടിൽ ഇടം നേടി. ഈ പുഴയും കടന്ന് എന്ന ചിത്രത്തിനുശേഷം കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത് എന്ന സിനിമയിലും ഞങ്ങൾ ഒരുമിച്ചു. കോമഡിയും പ്രണയവും വിരഹവുമെല്ലാം ഒരു പോലെ കടന്നുപോകുന്ന നായിക കഥാപാത്രത്തെ മഞ്ജു മികവുറ്റതാക്കി.
നായികയുടെ പേരിൽ സിനിമ മാർക്കറ്റ് ചെയ്യപ്പെട്ടുതുടങ്ങി എന്നതും മഞ്ജുസിനിമകൾ സൃഷ്ടിച്ച മാറ്റമാണ്.
കരിയറിൻ്റെ ഏറ്റവും നല്ല ഘട്ടത്തിൽ നിൽക്കുമ്പോഴാണ് വിവാഹംകഴിച്ച് അഭിനയത്തിന് മഞ്ജു സഡൻ ബ്രേക്കിട്ടത്. മഞ്ജുവിന് ഒരു പകരക്കാരിയെ കണ്ടെത്താൻ പിന്നീട് മലയാളസിനിമയ്ക്കായില്ല. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും അതിജീവിച്ച് പതിനാലുവർഷങ്ങൾക്കുശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് വന്നു.
ആ ഘട്ടത്തിൽ ഞാൻ സംവിധാനം ചെയ്‌ത ആമിയിലേക്ക് മഞ്ജു എത്തുന്നത് ആകസ്‌മികമായാണ്. ആദ്യം വിദ്യാബാലനായിരുന്നു മാധവിക്കുട്ടിയുടെ റോൾ ചെയ്യാൻ തീരുമാനിച്ചത്. ചില രാഷ്ട്രീയപ്രശ്‌നങ്ങൾ വന്നതോടെ വിദ്യാബാലൻ പിന്മാറി മഞ്ജുവിൻ്റെ മുഖമാണ് പിന്നാലെ എൻ്റെ മനസിൽ തെളിഞ്ഞത്,’കമൽ പറയുന്നു.