താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം
Kerala News
താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th August 2023, 8:00 pm

തിരുവനന്തപുരം: താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മലപ്പുറം എസ്.പിക്ക് കീഴിലുള്ള ഡാന്‍സാഫിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്.സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

നാല് പേരും താമിറിനെ നേരിട്ട് മര്‍ദിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ആദ്യഘട്ട പ്രതിപട്ടിക ക്രൈംബ്രാഞ്ച് പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അന്യായമായി തടങ്കില്‍ വെക്കുക, ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ആയുധം ഉപയോഗിച്ച് മര്‍ദിച്ച് ഗുരുതര പരിക്ക് ഏല്‍പ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങളും ക്രൈബ്രാഞ്ച് ചുമത്തിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് ലഹരിക്കേസില്‍ പിടിയലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചത്. സംഭവത്തില്‍ എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. താമിറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കേസില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Tanur  custodial death in has been charged with murder against the police officers