ദീപാവലി പരസ്യവും പിന്‍വലിക്കേണ്ടി വന്ന് തനിഷ്‌ക്; ജ്വല്ലറിയെ വിടാതെ ഹിന്ദുത്വ സൈബര്‍ ആക്രമണം
national news
ദീപാവലി പരസ്യവും പിന്‍വലിക്കേണ്ടി വന്ന് തനിഷ്‌ക്; ജ്വല്ലറിയെ വിടാതെ ഹിന്ദുത്വ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th November 2020, 10:15 pm

മുംബൈ: വിവാദമായ മതസൗഹാര്‍ദ പരസ്യത്തിനു പിന്നാലെ തനിഷ്‌ക് ജ്വല്ലറിയുടെ രണ്ടാമതൊരു പരസ്യവും പിന്‍വലിച്ചു. ദീപാവലി സീസണോടനുബന്ധിച്ച് ഇറക്കിയ പരസ്യമാണ് പുതിയ വിവാദമുണ്ടാക്കിയത്.

നടിമാരായ നീന ഗുപ്ത, നിമ്രത് കൗര്‍, സയനി ഗുപ്ത തുടങ്ങിയവര്‍ അഭിനയിച്ച പരസ്യമാണിത്. പരസ്യത്തിലെ ഒരു സീനില്‍ ഈ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് സയനി ഗുപ്ത കാണികളോട് പറയുന്നുണ്ട്. ഇതാണ് വിവാദത്തിന് കാരണമായത്.

ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് പറയാന്‍ ഇവരാരാണെന്നാണ് പരസ്യത്തിനെതിരെ വന്ന വിമര്‍ശനം. വിമര്‍ശനം അതിരു കടന്ന് സൈബര്‍ ആക്രമണമായതോടെ തനിഷ്‌ക് ഈ പരസ്യം പിന്‍വലിച്ചു.

എന്നാല്‍ പരസ്യത്തിനെതിരെയുള്ള അധിക്ഷേപത്തിനെതിരെ ഇതിലഭിനയിച്ച നടി സയനി ഗുപ്ത തന്നെ രംഗത്തു വന്നു.

വായു മലിനീകരണമെന്ന ആഗോള പ്രശ്‌നം എങ്ങനെയാണ് മതത്തിന്റെ പേരില്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെടുന്നതെന്ന് ഞാന്‍ നേരില്‍ കാണുകയാണെന്നും ഇത് അവിശ്വസനീയമാണെന്നുമാണ് സയനി ഗുപ്ത ട്വീറ്റ് ചെയ്തിരിക്കുന്നത്.

തനിഷ്‌ക് പുറത്തിറക്കിയ മറ്റൊരു പരസ്യം നേരത്തെ സമാന വിവാദത്തിലകപ്പെട്ടിരുന്നു. ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ് ലിം കുടുംബത്തിന്റെ കഥയായിരുന്നു തനിഷ്‌കിന്റെ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തി.

തുടര്‍ന്ന് ബോയ്‌ക്കോട്ട് തനിഷ്‌ക് തുടങ്ങിയ ക്യാംപെയ്‌നുകള്‍ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ശക്തമാകാന്‍ തുടങ്ങി. കടുത്ത വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം തനിഷ്‌ക് പരസ്യം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tanishq new ad takes down after outrage