ദ ഹിന്ദുവിന്റെ ബ്രാന്‍ഡ് നശിക്കാതിരിക്കണമെങ്കില്‍ ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം; ജഗ്ഗി വാസുദേവിനെ ന്യായീകരിച്ച മാലിനി പാര്‍ത്ഥസാരഥിക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രി
national news
ദ ഹിന്ദുവിന്റെ ബ്രാന്‍ഡ് നശിക്കാതിരിക്കണമെങ്കില്‍ ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം; ജഗ്ഗി വാസുദേവിനെ ന്യായീകരിച്ച മാലിനി പാര്‍ത്ഥസാരഥിക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th May 2021, 12:48 pm

ചെന്നൈ: ജഗ്ഗി വാസുദേവിനെ ന്യായീകരിച്ച് രംഗത്തെത്തിയ ദ ഹിന്ദു ഗ്രൂപ്പ്‌സ് ചെയര്‍പേഴ്‌സണ്‍ മാലിനി പാര്‍ത്ഥസാരഥിക്ക് മറുപടി നല്‍കി തമിഴ്‌നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജന്‍. ജഗ്ഗി വാസുദേവ് നിയമലംഘകന്‍ തന്നെയാണെന്നും ഇന്നല്ലെങ്കില്‍ നാളെ അയാളതിന് പിഴയൊടുക്കേണ്ടി വരുമെന്നും പളനിവേല്‍ പറഞ്ഞു.

ദ ഹിന്ദു പത്രത്തിന്റെ ബ്രാന്‍ഡ് നശിക്കാതിരിക്കണമെങ്കില്‍ മാലിനി പാര്‍ത്ഥസാരഥിക്ക് പ്രൊഫഷണല്‍ ഉപദേശമോ കൗണ്‍സിലിങ്ങോ നല്‍കണമെന്നും പളനിവേല്‍ പറഞ്ഞു.

നേരത്തെ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ജഗ്ഗി വാസുദേവ് ശ്രദ്ധപിടിച്ചുപറ്റാന്‍ വേണ്ടി എന്തും ചെയ്യുന്ന കപട സന്യാസിയാണെന്നും പണം കണ്ടെത്താന്‍ എന്ത് ചെയ്യാമെന്നാണ് അദ്ദേഹം ആലോചിച്ചു കൊണ്ടിരിക്കുന്നതെന്നും പളിനിവേല്‍ പറഞ്ഞിരുന്നു.

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപാര്‍ട്ട്മെന്റിന്റെ പരിധിയില്‍ നിന്ന് ചില ക്ഷേത്രങ്ങളെ ഒഴിവാക്കി നടത്തിപ്പ് അവകാശം ഭക്തര്‍ക്ക് നല്‍കണമെന്നും ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്നും ഇഷ യോഗ സെന്റര്‍ സ്ഥാപകന്‍ ജഗ്ഗി വാസുദേവ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു പി.ടി.ആര്‍ പളനിവേല്‍ പറഞ്ഞത്.

‘പലരും പല ശബ്ദങ്ങളും ഉയര്‍ത്തും. ഇത് സമൂഹത്തിന്റെ നല്ലതിനെ തകര്‍ക്കാര്‍ വേണ്ടിയുള്ള ശ്രമമാണെന്നും’ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പളനിവേല്‍ പറഞ്ഞു.

പളിനിവേലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കി ഇഷാ ഫൗണ്ടേഷനും രംഗത്തുവന്നിരുന്നു. ഇതേ കുറിച്ച് ദ ഹിന്ദു നല്‍കിയ വാര്‍ത്തയും ഇഷ ഫൗണ്ടേഷന്റെ മറുപടിയിലെ ചില വാചകങ്ങളും ട്വീറ്റ് ചെയ്തുകൊണ്ടാണ് മാലിനി പാര്‍ത്ഥസാരഥി വിഷയത്തില്‍ ഇടപെട്ടത്.

‘ സദ്ഗുരുവും ഇഷാ ഫൗണ്ടേഷനും വ്യത്യസ്ത സര്‍ക്കാരുകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി അത് ഇനിയും തുടരും. സഹകരണത്തോടെയും പിന്തുണയോടെയുമാണ് ഇഷ ഫൗണ്ടേഷന്‍ ഇത്രയും നാളുമുള്ള സര്‍ക്കാരുകളുമായി പ്രവര്‍ത്തിച്ചു പോന്നത്’ – ഇഷ ഫൗണ്ടേഷന്റെ മറുപടിയിലെ ഈ ഭാഗമാണ് ധനമന്ത്രി പളിനിവേലിനെ ടാഗ് ചെയ്തുകൊണ്ട് മാലിനി ട്വീറ്റ് ചെയ്തത്.

 

ഈ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ടാണ് പളിനിവേല്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നത്. ‘1.30ന് ഉറങ്ങി, 4.45ന് എഴുന്നേറ്റു. ഇപ്പോള്‍ മധുരൈയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ വിതരണം നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയില്‍ ഈ വാചക കസര്‍ത്തിന് നില്‍ക്കാന്‍ എനിക്ക് താല്‍പര്യമേയില്ല. എന്നാലും അവസാനമായി രണ്ട് കാര്യങ്ങള്‍ പറയാം.

ജഗ്ഗി വാസുദേവ് ഒരു നിയമലംഘകനാണ്. അതിന് അയാള്‍ക്ക് ഇന്നല്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരും. ദ ഹിന്ദു ബ്രാന്‍ഡ് നശിക്കാതിരിക്കണമെങ്കില്‍ മാലിനി പാര്‍ത്ഥസാരഥിക്ക് പ്രൊഫഷണല്‍ ഉപദേശമോ കൗണ്‍സിലിങ്ങോ കൊടുക്കണം,’ പളിനിവേലിന്റെ ട്വീറ്റില്‍ പറയുന്നു.

ദി ഹിന്ദു അഭിമുഖത്തില്‍ ജഗ്ഗി വാസുദേവിനെതിരെ പളിനിവേല്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ദൈവത്തില്‍ മാത്രം അധിഷ്ഠിതമായി ജീവിക്കുന്ന ഒരു സന്യാസി 5 ലക്ഷത്തിനും, 50,000ത്തിനും, 5,000ത്തിനുമുള്ള നവരാത്രി ടിക്കറ്റുകള്‍ വില്‍ക്കുമോ എന്ന് അഭിമുഖത്തില്‍ പളനിവേല്‍ ചോദിച്ചു.

‘ദൈവത്തില്‍ മാത്രം അധിഷ്ഠിതമായി ജീവിക്കുന്ന ഒരു സന്യാസി 5 ലക്ഷത്തിനും, 50,000ത്തിനും, 5,000ത്തിനുമുള്ള നവരാത്രി ടിക്കറ്റുകള്‍ വില്‍ക്കുമോ? അതാണോ ഒരു സന്യാസിയുടെ ലക്ഷണം? അതാണോ ഒരു ആത്മീയ വാദിയുടെ ലക്ഷണം? സ്വന്തം കാര്യത്തിനായി ദൈവത്തേയും മതത്തേയും കൂട്ടു പിടിക്കുന്ന സാമ്പത്തിക ഇടപാടുകാരന്‍ മാത്രമാണ് ജഗ്ഗി വാസുദേവ്,’ പളനിവേല്‍ പറഞ്ഞു.

ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനെക്കുറിച്ച് അന്വേഷിക്കുമെന്ന് പളനിവേലും എച്ച്.ആര്‍ ആന്‍ഡ് സി. ഇ മന്ത്രി പി. കെ ശേഖര്‍ ബാബുവും അറിയിച്ചിട്ടുണ്ട്. അവിടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Tamilnadu Finance Minister Palanivel Thiagarajan against The Hindu Chaairperson Malini Parthasarathy for justifying Jaggi Vasudev