ചെന്നൈ: തമിഴ്‌നാട്ടില്‍ ഒമ്പത് മുതല്‍ പ്ലസ് വണ്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ അക്കാദമിക് വര്‍ഷത്തില്‍ പരീക്ഷയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പളനിസ്വാമി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ ഈ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ അടുത്ത ക്ലാസിലേക്ക് പ്രവേശനം നേടും.
‘വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അനിതരസാധാരണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്’, പളനിസ്വാമി പറഞ്ഞു.
മഹാമാരിക്കാലത്ത് വിദ്യാഭ്യാസവകുപ്പിന്റെ ചാനലിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പടര്‍ന്നതോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ 2020 മാര്‍ച്ച് 25 മുതല്‍ അടച്ചിട്ടിരുന്നു.