national news
ഗവര്‍ണറുടെ കളിപ്പാവയായാണ് രംഗസ്വാമി പ്രവര്‍ത്തിക്കുന്നത്; പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 13, 04:07 am
Tuesday, 13th December 2022, 9:37 am

ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി (N Rangasamy) ഒരു കളിപ്പാവയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പുതുച്ചേരി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ (Tamilisai Soundararajan) കളിപ്പാവയായാണ് രംഗസ്വാമി ഭരിക്കുന്നതെന്നാണ് സ്റ്റാലിന്‍ ആരോപിച്ചത്.

ഭരണ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ‘സൗമ്യമായി കീഴടങ്ങുക’യാണ് മുഖ്യമന്ത്രി എന്നും സ്റ്റാലിന്‍ പറഞ്ഞു.

എ.ഐ.എന്‍.ആര്‍.സിയുടെ നേതൃത്വത്തിലുള്ള പുതുച്ചേരി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

”ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് പുതുച്ചേരിയിലുള്ളത്. എന്നാല്‍ ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ,” അദ്ദേഹം ചോദിച്ചു.

തിങ്കളാഴ്ച ഒരു പ്രാദേശിക ഡി.എം.കെ നേതാവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”അടുത്ത പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ (2026) പാര്‍ട്ടി (ഡി.എം.കെ) പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയമില്ല,” തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

”രംഗസാമി വലിയ ഒരു നേതാവാണ് – ശരീരത്തിന്റെ ഉയരത്തിന്റെ കാര്യത്തില്‍. എന്നാല്‍ ഗവര്‍ണറുടെ തീരുമാനങ്ങള്‍ക്കെതിരെ അദ്ദേഹം ഫലപ്രദമായി നിലകൊള്ളേണ്ടതായിരുന്നു.

പുതുച്ചേരിയില്‍ ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത് തീര്‍ച്ചയായും ലജ്ജാകരമാണ്. രംഗസാമി ഒരു നല്ല മനുഷ്യനായിരിക്കാം എന്നാല്‍ അദ്ദേഹം കാര്യക്ഷമതയുള്ളവനായിരിക്കണം,” സ്റ്റാലിന്‍ വ്യക്തമാക്കി.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തന്റെ പാര്‍ട്ടിയായ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം പുതിയൊരു വികസനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുച്ചേരിയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വര്‍ഗീയ പാര്‍ട്ടികള്‍ക്ക് ഭരണം പിടിക്കാന്‍ ഇടം ലഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞ സ്റ്റാലിന്‍ ഡി.എം.കെക്ക് പുതുച്ചേരിയോട് ഒരു ‘സോഫ്റ്റ് കോര്‍ണര്‍’ ഉണ്ടെന്നും എം. കരുണാനിധി പുതുച്ചേരിക്ക് എന്നും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

Content Highlight: Tamil Nadu CM MK Stalin says Puducherry CM N Rangasamy is a ‘puppet Chief Minister’