ബംഗളുരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുമായി പ്രമുഖ തമിഴ് ദലിത് സംഘടനയായ വിടുതലൈ ചിരുതൈകള്‍ കട്ച്ചി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ദലിത് പിന്നോക്ക ന്യൂനപക്ഷ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ മഅ്ദനിയുടെ സഹകരണം ആവശ്യപ്പെട്ടാണ് നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്.
ദക്ഷിണേന്ത്യയിലെ ദലിത് പിന്നോക്ക ന്യൂനപക്ഷ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനകള്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ സാധ്യതയും ആവശ്യകതയും സംഘം ചര്‍ച്ച നടത്തി. മഅ്ദനി ചികിത്സയില്‍ കഴിയുന്ന സഹായ ഹോളിസ്റ്റിക് ആശുപത്രിയില്‍ എത്തിയ നേതാക്കള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും കേസ് സംബന്ധമായ വിവരങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.
പാര്‍ട്ടി പ്രസിഡന്റും മുന്‍ എം.പിയുമായ തോല്‍ കിരുമാവളന്‍, ട്രഷറര്‍ എം. മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി സെക്രട്ടറി ആളൂര്‍ ഷാനവാസ്, ധനകാര്യ സെക്രട്ടറി മുഹമ്മദ് മുബാറക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മഅ്ദനിയുടെ ജാമ്യം നീട്ടിക്കിട്ടാനുള്ള അപേക്ഷ ഒക്ടോബര്‍ 31ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന സാഹചര്യത്തിലാണ് വിടുതലൈ ചിരുതൈകള്‍ കട്ച്ചി നേതാക്കളുടെ സന്ദര്‍ശനം.